KeralaLatest NewsNews

ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത് കുമാര്‍ സാറിന് കൊടുക്കണം: പരിഹസിച്ച് പി.വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അന്‍വര്‍ എം എല്‍ എ രംഗത്ത്. അന്വേഷണത്തിന് ശേഷം മാത്രമേ എ ഡി ജി പി അജിത് കുമാറിനെതിരെ നടപടിയുണ്ടാകു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അന്‍വറിന്റെ പരിഹാസം. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത് കുമാര്‍ സാറിന് കൊടുക്കണമെന്നാണ് പരിഹാസ രൂപേണ അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ശ്രീ അജിത്ത് കുമാര്‍ സാര്‍ സിന്ദാബാദെന്നും അന്‍വര്‍ കുറിച്ചിട്ടുണ്ട്.

35 ലക്ഷത്തിന് ഒരു ഫ്‌ളാറ്റ് വാങ്ങി വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തില്‍ മറിച്ചുവിറ്റെന്ന ആരോപണം ചൂണ്ടികാട്ടിയാണ് അന്‍വറിന്റെ പരിഹാസം. പി ശശിക്കെതിരായ വിമര്‍ശനങ്ങള്‍ അന്‍വര്‍ ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്.

Read Also: ഹിസ്ബുല്ലയ്ക്ക് പേജര്‍ നിര്‍മിച്ചു നല്‍കിയെന്നു പറയുന്ന കമ്പനി സിഇഒ ഒരു വനിത, സംശയമുന ക്രിസ്റ്റ്യാനയെ കേന്ദ്രീകരിച്ച്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

35 ലക്ഷത്തിന് ഒരു ഫ്‌ളാറ്റ് വാങ്ങി,വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തില്‍ അത് മറിച്ച് വില്‍ക്കുക. ഇത്തരം ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സ്ട്രാറ്റജി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത് കുമാര്‍ സാറിന് കൊടുക്കണം.
ശ്രീ.അജിത്ത് കുമാര്‍ സാര്‍ സിന്ദാബാദ്..

നേരത്തെ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അന്‍വറിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞത്. അന്‍വറിന് പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഒരു ഇടതുപക്ഷ എം എല്‍ എ എന്ന നിലയില്‍ പി വി അന്‍വര്‍ ചെയ്യേണ്ടത് അതായിരുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. ഫോണ്‍ ചോര്‍ത്തിയത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണ്. അന്‍വര്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഞാനും മറുപടി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button