അങ്കാറ: ബോംബ് ഭീഷണിയെ തുടർന്ന് വിസ്താര വിമാനത്തിന് തുർക്കിയിൽ അടിയന്തര ലാൻഡിംഗ്. മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ബോയിങ് 787 വിമാനമാണ് തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിനുളളിൽ നിന്നും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുർന്നാണ് അടിയന്തര ലാൻഡിംഗ് വേണ്ടിവന്നത് എന്നാണ് വിവരം. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിമാനകമ്പനി പുറത്തുവിട്ടിട്ടില്ല.
വിമാനത്തിലെ ടോയ്ലറ്റുുകളിലൊന്നിൽ നിന്ന് ജീവനക്കാർ ബോംബ് ഭീഷണി സന്ദേശം കണ്ടെടുക്കുകയായിരുന്നു എന്നാണ് വിവരം. യാത്രയ്ക്കിടെ വിമാനത്തിൽ ഒരു സുരക്ഷാ പ്രശ്നമുണ്ടായെന്നും ഇത് ജീവനക്കാരിൽ ഒരാളുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കിഴക്കൻ തുർക്കിയിലെ എർസുറം വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു എന്നും കമ്പനി വക്താവ് അറിയിച്ചു. വൈകുന്നേരം 7.05ന് വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു.
സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സുരക്ഷാ ഏജൻസികളെ വിവരം അറിയിച്ചു. അവരുടെ നിർബന്ധിത പരിശോധനകളുമായി തങ്ങൾ പൂർണമായി സഹകരിക്കുകയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിൻറെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും പ്രധാന്യം നൽകുന്നതെന്നും വിസ്താര വക്താവ് അറിയിച്ചു. മുംബൈയിൽ നിന്ന് പറന്നുയർന്ന ശേഷം ഏതാണ്ട് അഞ്ച് മണിക്കൂർ യാത്ര ചെയ്ത ശേഷമാണ് വിമാനം തുർക്കിയിൽ ഇറക്കിയത്. ഫ്രാങ്ക്ഫർട്ടിലേക്ക് പിന്നെയും മൂന്നര മണിക്കൂറോളം യാത്ര ബാക്കിയുണ്ടായിരുന്നു.
തുർക്കിയിൽ വിമാനം ലാന്റ് ചെയ്ത ശേഷം യാത്രക്കാരെയെല്ലാം പുറത്തിറക്കി പരിശോധന നടത്തി. അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടർന്ന് എർസുറം വിമാനത്താവളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരുന്നു. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് വിമാനം വഴിതിരിച്ചു വിടേണ്ടി വന്നതെന്നാണ് വിമാനകമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ, സുരക്ഷാ പ്രശ്നം എന്താണെന്ന് കമ്പനി ഇനിയും ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
Post Your Comments