KeralaNews

പ്രതിയുടെ മൊഴികളില്‍ വൈരുദ്ധ്യം : പൊലീസിനെ കുഴയ്ക്കി ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

കൊച്ചി: കേരളത്തെ ഞെട്ടിച്ച ജിഷാവധക്കേസില്‍ പ്രതിയുടെ മൊഴികള്‍ ബന്ധിപ്പിക്കാനാകാതെ പോലീസ് കുഴയുന്നു. ഇരയെ വധിച്ചത് മദ്യലഹരിയില്‍ ആയിരുന്നില്ലെന്നും പൂര്‍ണ്ണബോദ്ധ്യത്തോടെ തന്നെയാണെന്നുമാണ് പ്രതി അമിയൂര്‍ ഇസ്ലാമിന്റെ പുതിയ മൊഴി. നേരിയ തോതില്‍ മാത്രമേ മദ്യം കഴിച്ചിരുന്നുള്ളെന്നും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് വീട്ടിലെത്തിയതെന്നും പറഞ്ഞിട്ടുണ്ട്.
കേസില്‍ പ്രതി താമസിച്ചിരുന്നു മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും കിട്ടിയ കണ്ടെത്തിയ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിക്ക് പുറമേ ജിഷയെ കൊലപ്പെടുത്താന്‍ കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

നീണ്ട കൂര്‍ത്ത ആയുധം ഉപയോഗിച്ച് കഴുത്തിനും നെഞ്ചിനും കുത്തി. കണ്ടെടുത്തിട്ടുള്ള മറ്റ് ആയുധങ്ങള്‍ കൂടി അയച്ച് തെളിവ് ശേഖരിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.
അതിനൊപ്പം തന്നെ ഉയരം കുറഞ്ഞയാള്‍ ഉയരംകൂടിയയാളെ ആക്രമിച്ച രീതിയിലാണ് ജിഷയുടെ ശരീരത്തിലെ മുറിവുകളും ഭീത്തിയിലെ രക്തം പുരണ്ട കൈപ്പടയും. എന്നാല്‍ നല്ല ഉയരമുള്ളയാളാണ് പ്രതി. അതേസമയം ഡിഎന്‍എ ടെസ്റ്റ് അനുകൂലമായതിനാല്‍ ഇനി കൂടുതലൊന്നും നോക്കാനില്ലെന്ന നിലപാടിലാണ് പോലീസ്. അതേസമയം കളിയാക്കിയത് കൊണ്ടാണ് കൊല ചെയ്തതെന്ന പ്രതിയുടെ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. തന്നെ കാണുന്‌പോഴെല്ലാം ജിഷ പരിഹസിച്ചിരുന്നെന്നും കൊല്ലപ്പെട്ട ദിവസം തന്നെ പരിഹസിക്കരുതെന്ന് പറയാനാണ് ചെന്നതെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത്ര ക്രൂരമായി കൊല ചെയ്തത് എന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.

പല തവണ കണ്ടപ്പോഴെല്ലാം ജിഷ പരിഹസിച്ചിരുന്നു. ഇക്കാര്യം പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ തന്റെ ആണത്തത്തെ ചോദ്യം ചെയ്തതായും അമിയൂര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം ഇതൊന്നും പോലീസ് പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ല. ജിഷയുമായി രമ്യതയില്‍ സംസാരിക്കാന്‍ പോയതിന് എന്തിനാണ് കത്തി കയ്യില്‍ കരുതിയതെന്ന ചോദ്യത്തിനും ഇയാള്‍ക്ക് ഉത്തരമില്ല. ജിഷയുമായി പ്രതിക്കുള്ള പരിചയം സംബന്ധിച്ച കൃത്യമായ വിവരം കൂടി കിട്ടേണ്ടതുണ്ട്.
കൊലപാതകത്തിനുള്ള യഥാര്‍ത്ഥ കാരണം പ്രതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് പോലീസ് ഇപ്പോഴും കരുതുന്നത്. ഇരിങ്ങോളിലെ താമസ സ്ഥലത്തു നിന്നും ഇയാള്‍ മറ്റൊരു സുഹൃത്തിനൊപ്പം രാത്രികാലങ്ങളില്‍ പുറത്ത് പോകുന്നത് പതിവായിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. എന്നാല്‍ അത് ആരാണെന്നോ അയാളെ സംബന്ധിക്കുന്ന വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

‘ഇതാണ് ഞാന്‍ ആരേയൂം വിശ്വസിക്കാത്തത്’ എന്നാണ് ജിഷ അവസാനമായി പറഞ്ഞ് കേട്ടത്. ചിര പരിചയമുള്ള ആളോട് പറയുന്ന രീതിയിലുള്ള ഈ വാചകവും പോലീസിന് സംശയം ഉയര്‍ത്തുകയാണ്. മലയാളം വ്യക്തമായി മനസ്സിലാക്കാനോ പറയാനോ കഴിയാത്ത അമിയൂറിനോടാണോ ജിഷ ഇക്കാര്യം പറഞ്ഞതെന്ന സംശയവും ബാക്കിയാണ്. വീടിനുള്ളില്‍ നിന്നും ജിഷ ഇങ്ങനെ പറഞ്ഞത് കൊലയാളിയോടാണോ മറ്റാരോടെങ്കിലുമാണോ അതോ ഫോണില്‍ പറഞ്ഞതാണോ എന്നതാണ് ഇനി കണ്ടെത്താനുള്ളത്.

അതുപോലെ തന്നെ രാവിലെ ജിഷ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പോയ പ്രതി മടങ്ങി വന്നത് രണ്ടുമണിക്കാണ് എന്നാണ് ആദ്യം പറഞ്ഞത്. രണ്ടാമത് ഇത് നാലു മണിക്ക് ശേഷമെന്ന് മാറ്റിപ്പറയുകയും ചെയ്തു. ജിഷയെ വൈകിട്ട അഞ്ചരയോടെ വെള്ളമെടുക്കുന്നത് കണ്ടെന്നും ആറു മണിയോടെ മഞ്ഞഷര്‍ട്ട് ധരിച്ച യുവാവ് കനാലിലേക്ക് ഇറങ്ങുന്നത് കണ്ടെന്നതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button