KeralaLatest News

നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ ഇന്‍സ്പെക്ടര്‍ ‘കല്യാണി’യുടെ മരണം കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ കേരള പൊലീസിലെ ഡോഗ് സ്ക്വാഡ് അംഗം ഇൻസ്പെക്ടർ കല്യാണിയുടെ മരണത്തിൽ ദുരൂഹതകളേറെ. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റുമോർട്ടത്തിന് പിന്നാലെയാണ് കല്യാണി ചത്തത് വിഷം ഉള്ളിലെത്തിയാണെന്ന് വ്യക്തമായത്. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ ഇക്കാര്യം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു ഉത്തരവിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും ഇനി പുറത്ത് വരാനുള്ളത് രാസ പരിശോധനാ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നിൽ എന്തെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.തിരുവനന്തപുരം സിറ്റി കെ9 സ്‌ക്വാഡിലെ സ്‌ഫോടക വസ്തു പരിശീലന വിഭാഗത്തിലെ സീനിയർ സ്‌നിഫർ നായയായിരുന്നു കല്യാണി.

കഴിഞ്ഞ മാസം 20-നാണ് കല്യാണി ചത്തത്. ഇൻസ്‌പെക്ടർ റാങ്കിലുള്ള ലാബ്രഡോർ ഇനത്തിൽ പെട്ട നായയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ദുരൂഹതകളേറുന്നത്. കല്യാണിയുടെ ആന്തരിക അവയവങ്ങളിൽ കണ്ടെത്തിയ വിഷാംശമാണ് സംശയത്തിന് കാരണമായത്. നിലവിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്.

അന്വേഷണം കഴിയുന്നത് വരെ ഇവരെ മാറ്റി നിർത്താനാണ് നീക്കം. കല്യാണിയുടെ ചുമതലയുണ്ടായിരുന്ന കെ 9 സ്‌ക്വാഡിലെ എസ്‌ഐ ഉണ്ണിത്താൻ, കല്യാണിയുടെ കെയർടേക്കറായ രഞ്ജിത്ത്, ശ്യാം എന്നിവരെയാണ് അന്വേഷണ വിധേയമായി മാറ്റിനിർത്തിയിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button