കൊച്ചി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസ് അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി. അന്വേഷണം എഡിജിപി സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘത്തിന് ചുമതല കൈമാറി. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെത്തിയ സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ജിഷ വധക്കേസിന്റെ അന്വേഷണം ഏറ്റെടുത്തു. പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തിയ ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജനെ എറണാകുളം റൂറല്‍ എസ്പിയായും നിയമിച്ചിട്ടുണ്ട്. ജിഷ വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് എഡിജിപി ബി സന്ധ്യ വ്യക്തമാക്കിയിരുന്നു.
അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ളതാണ്. ആര്‍ക്കും പോലീസിന് വിവരങ്ങള്‍ നല്‍കാമെന്നും സന്ധ്യ പറഞ്ഞു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍ സംശയത്തിന്റെ നിഴലിലാകുന്നത്. നിലവില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍ ആണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
കേസന്വേഷണം ആദ്യം മുതല്‍ തുടങ്ങുമെന്ന് സന്ധ്യ വ്യക്തമാക്കി. പുതിയ അന്വേഷണസംഘം സമീപവാസികളുടെ മൊഴികള്‍ ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ചുമതല ഏറ്റെടുത്ത എഡിജിപി ബി സന്ധ്യ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. ജിഷ കൊല്ലപ്പെട്ട വീടും പരിസരവും പരിശോധിച്ച ശേഷം അയല്‍വാസികളുമായി സംസാരിച്ചു. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
അതേസമയം രായമംഗലം പഞ്ചായത്ത് പ്രഡിഡന്റും സ്ഥിരസമിതി അദ്ധ്യക്ഷനും പോലീസും ആവശ്യപ്പെട്ടിട്ടാണ് നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയതെന്നാണ് പെരുമ്പാവൂര്‍ നഗരസഭാ അദ്ധ്യക്ഷ സതി ജയകൃഷ്ണന്‍ പറയുന്നത്. െൈവകിട്ട് ആറിന് ശേഷം മലമുറിയിലെ പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്ന രായമംഗലം പഞ്ചായത്തുമായുള്ള കരാര്‍ നിലനില്‍ക്കെയാണ് ജിഷയുടെ മൃതദേഹം ഏഴോടെ ദഹിപ്പിച്ചത്. മൃതദേഹം സമയം വൈകിയും ദഹിപ്പിച്ചതിന് പിന്നിലും ഗൂഡാലോചന ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനാല്‍ ഇക്കാര്യത്തെക്കുറിച്ചും അന്വേഷണസംഘം പരിശോധന നടത്തും.
Post Your Comments