Latest NewsIndia

500 രൂപയ്ക്ക് എല്‍പിജി, സൗജന്യ വൈദ്യുതി, കർണാടകം മോഡലിൽ മധ്യപ്രദേശിൽ സൗജന്യ വാഗ്ദാന പെരുമഴയുമായി കോൺഗ്രസ്

ഭോപ്പാല്‍: കർണാടക മോഡൽ തെരഞ്ഞെടുപ്പ് തന്ത്രവുമായി കോൺഗ്രസ് മധ്യപ്രദേശിൽ. നിരവധി സൗജന്യ പദ്ധതികളാണ് പ്രഖ്യാപനം. നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വനിതകള്‍ക്ക് മാസം 1500 രൂപയുടെ ധനസഹായം, 500 രൂപയ്ക്ക് എല്‍ പി ജി സിലിണ്ടര്‍, എന്നിവയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

ഇന്ന് ഉച്ചയോടെ കോണ്‍ഗ്രസ് പത്രിക പുറത്തിറക്കുമെന്നാണ് വിവരം. ‘വചൻ പത്രിക’ എന്ന് പേര് നല്‍കിയിരിക്കുന്ന പ്രകടനപത്രിക പുറത്തിറക്കുന്നത് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ കമല്‍ നാഥ്, എ ഐ സി സി ജനറല്‍ സെക്രട്ടറി റണ്‍ന്ദീപ് സുര്‍ജേവാല എന്നിവര്‍ ചേര്‍ന്നായിരിക്കും. സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കുകയെന്നതാണ് പ്രകടനപത്രികയില്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാഗ്‌ദാനം.

വാര്‍ദ്ധക്യ പെൻഷൻ, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, ഒന്ന് മുതല്‍ എട്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസം 500 രൂപ ധനസഹായം, ഒൻപത്, പത്ത് ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ, പതിനൊന്ന്, പന്ത്രണ്ട് ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്ക് 1500 ധനസഹായം എന്നീ വാഗ്‌ദാനങ്ങളും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉണ്ടെന്നാണ് വിവരം.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നിരുന്നു. 109 സീറ്റുകളായിരുന്നു അന്ന് ബി ജെ പി നേടിയത്. ബി എസ് പി, എസ് പി, സ്വതന്ത്ര എം എല്‍ എമാര്‍ എന്നിവരുടെ പിന്തുണയോടെ കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

എന്നാല്‍ 2020ല്‍ നിരവധി കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂറുമാറിയതോടെ സര്‍ക്കാര്‍ വീഴുകയായിരുന്നു. മദ്ധ്യപ്രദേശ് നിയമസഭയില്‍ 230 സീറ്റുകളിലേക്കുള്ള പോളിംഗ് നിശ്ചയിച്ചിരിക്കുന്നത് നവംബര്‍ 17നാണ്. ഒറ്റ ഘട്ടമായാണ് പോളിംഗ് നടക്കുക. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണും. 144 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button