കൊച്ചി : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ജിഷയുടെ ശരീരത്തില്‍ പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാല്‍ ലൈംഗിക പീഡനമാണ് നടന്നതെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രതിയുടെ ഡിഎന്‍എ കണ്ടെത്താന്‍ കാരണമായ കടിയേറ്റതും പീഡനത്തിനിടെ തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. അതിക്രൂരമായിരുന്നു ആക്രമണം എന്നതിനാല്‍ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളെല്ലാം രക്തവുമായി കൂടിക്കലര്‍ന്ന നിലയിലായിരുന്നു. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലും കൊച്ചി കാക്കനാട്ടെ കെമിക്കല്‍ ലാബിലുമായി ഇവയോരോന്നും രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് പരിശോധിക്കേണ്ടി വന്നു. എന്നാല്‍ ഇവയിലൊന്നും പുരുഷബീജം കണ്ടെത്തിയില്ല. അതേസമയം റിപ്പോര്‍ട്ട് ഔദ്യോഗികമായി പോലീസിന് ലഭിച്ചിട്ടില്ല.
ജിഷയുടെ കൊലപാതകത്തിന് അടുത്ത ദിവസങ്ങളില്‍ പെരുമ്പാവൂരിലും പരിസരങ്ങളിലും നിന്ന് സ്ഥലം വിട്ടു പോയ ഇതര സംസ്ഥാനക്കാര്‍ അടക്കമുള്ളവരുടെ പട്ടിക തയാറായി. ഇവരെത്തേടി പോലീസ് സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു. പ്രാഥമികമായി സംശയമുള്ളവരെ മാത്രം നാട്ടിലെത്തിച്ച് ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കാനാണ് തീരുമാനം.
Post Your Comments