ആലപ്പുഴ: വീടിന്റെ ഓടിളക്കിയിറങ്ങി മോട്ടോറും ഗ്യാസ് സിലിണ്ടറുകളും ചെമ്പുകുട്ടകവും, സീലിംഗ് ഫാനുകളും മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ചെങ്ങന്നൂർ പാണ്ടനാട് പടിഞ്ഞാറ് തച്ചാറയിൽ വീട്ടിൽ ബിജു ബാബു (32) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
മൂന്നു പ്രതികൾ ഉൾപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായത്. മറ്റ് രണ്ട് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. പാണ്ടനാട് പറമ്പത്തൂർപടി ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിലാണ് പ്രതികൾ മോഷണം നടത്തിയത്. ഉടമ മഹാരാഷ്ട്രയിലാണ്.
അടഞ്ഞു കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ് പണമുണ്ടാക്കുന്നതാണ് പ്രതികളുടെ രീതി. അറസ്റ്റു ചെയ്ത പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ പുലിയൂർ പാലച്ചുവട് ഭാഗത്തുള്ള ആക്രിക്കടയിൽ നിന്നും ഇയാൾ വിൽപ്പന നടത്തിയ സീലിംഗ് ഫാനുകളും ചെമ്പുകലവും കണ്ടെടുത്തു. ചെമ്പുകുട്ടകം പ്രതി ഒളിപ്പിച്ചിരുന്ന സ്ഥലത്തു നിന്നും കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments