ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇടുക്കിക്കാരുടെ യാത്ര ക്ലേശത്തിന് ഇന്ന് മുതൽ പരിഹാരം. കേരള-തമിഴ്നാട് അതിർത്തി നഗരമായ ബോഡിനായ്ക്കന്നൂരിൽ നിന്നുളള ട്രെയിൻ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. ഇടുക്കി ജില്ലക്കാർക്ക് ഏറെ പ്രതീക്ഷ നൽകിയാണ് ട്രെയിൻ ഓടിത്തുടങ്ങുക. ഇടുക്കിയിൽ നിന്ന് 27 കിലോമീറ്റർ മാത്രമാണ് ഈ റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം. ചെന്നൈ സെൻട്രൽ എക്സ്പ്രസാണ് ഈ റൂട്ടിലൂടെ സർവീസ് നടത്തുന്നത്. ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം കേന്ദ്ര മന്ത്രി എൽ. മുരുകൻ നിർവഹിക്കും.
രാത്രി 8:30നാണ് ബോഡിനായ്ക്കന്നൂരിൽ നിന്നുളള ആദ്യ ട്രെയിൻ പുറപ്പെടുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബോഡിനായ്ക്കന്നൂരിൽ നിന്നും ചെന്നൈയിലേക്കും, ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ തിരിച്ചും സർവീസ് നടത്തുന്നതാണ്. കൂടാതെ, മധുര- ബോഡിനായ്ക്കന്നൂർ റൂട്ടിൽ അൺ-റിസർവ്ഡ് എക്സ്പ്രസ് എല്ലാ ദിവസവും സർവീസ് നടത്തും. ഇടുക്കിയോട് വളരെ അടുത്ത ചേർന്ന് കിടക്കുന്ന പട്ടണത്തിൽ ട്രെയിൻ സർവീസ് എത്തുന്നതോടെ ടൂറിസം, വ്യാപാരം എന്നീ മേഖലകൾ വളരെയധികം പ്രതീക്ഷയിലാണ്. ഹൈറേഞ്ചിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്ക് നീക്കം എളുപ്പമാക്കാൻ ഈ സർവീസ് സഹായിക്കുന്നതാണ്. കൂടാതെ, വിനോദസഞ്ചാരികൾക്കും ശബരിമല തീർത്ഥാടകർക്കും ഈ പാത ഏറെ ഗുണകരമാകും.
Post Your Comments