പത്തു വയസ്സുകാരനെ നടുറോഡിൽ കുത്തി കൊലപ്പെടുത്തിയ അജിക്ക് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച ഡോക്ടറോടും പക. ഡോക്ടർ മരിച്ചത് തന്നെ പീഡിപ്പിച്ചു ചികിൽസിച്ചതിനു ദൈവം കൊടുത്ത ശിക്ഷ ആണെന്നാണ് അജിയുടെ പക്ഷം. അജിയെ അവസാനം ചികിത്സിച്ച തൃശ്ശൂർ പടിഞ്ഞാറേ കോട്ട ഗവന്മെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ലക്ഷ്മി എം മോഹൻ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചെന്ന വാര്‍ത്ത വായിച്ച് അജി ഏറെ നേരം പൊട്ടിച്ചിരിച്ചു. കാര്യം തിരക്കിയ അമ്മ പെട്രീഷ്യയോട് തന്നെ പീഡിപ്പിച്ച ഡോക്ടറെ ദൈവം ശിക്ഷിച്ചെന്നായിരുന്നു മറുപടി.പിന്നീട് കുളിച്ചൊരുങ്ങി പള്ളിയിൽ കുർബാനയ്ക്ക് പോയി.
വളരെ കാലത്തിനു ശേഷമായിരുന്നു പള്ളിയിലേക്ക് പോയത്. പിന്നീട് കുർബാന പകുതിയായപ്പോൾ വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തി ഒരു കത്തിയുമെടുത്ത് ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോഴാണ് റിസ്റ്റി കടയിൽ പോയി വരുന്നത് അജിയുടെ ശ്രദ്ധയിൽ പെട്ടത്. റിസ്റ്റിയെ കടന്നുപിടിച്ചു കഴുത്തിൽ പല തവണ കുത്തി, കഴുത്തിൽ ആഴത്തിൽ മുറിവേറ്റതിനാൽ റിസ്റ്റിക്ക് കരയാൻ പോലുമായില്ല. സംഭവം കണ്ട അയൽവാസികളുടെ നിലവിളി കേട്ട് റിസ്ടിയുടെ മാതാവും നാട്ടുകാരും ഓടിക്കൂടിയപ്പോഴേക്കും അജി വീണ്ടും കത്തി കുട്ടിയുടെ കഴുത്തിൽ കുത്തിയിറക്കിയിരുന്നു. “അവനെ ഞാൻ തീർത്തു, പോലീസ് സ്റ്റേഷനിൽ പോകട്ടെ” എന്ന് പറഞ്ഞു നടന്ന അജിയെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു
റിസ്ടിയുടെ ആദ്യ കുര്‍ബാന ശനിയാഴ്ച നടത്താനിരിക്കുകയായിരുന്നു. അതിനായി വാങ്ങിയ പുതുവസ്ത്രങ്ങളും മറ്റും ആണ് റിസ്ടിക്ക് അന്ത്യയാത്രയിലും ധരിപ്പിച്ചത്. പിന്നീട് വരുന്നപിറന്നാളിന്റെ കൂടി സന്തോഷത്തിലായിരുന്നു റിസ്ടി. ആദ്യ കുര്‍ബാനയുടെ ഒരുക്കങ്ങളും മറ്റും നടക്കുമ്പോഴും അതിനു വേണ്ടി എല്ലാവരെയും ക്ഷണിക്കുമ്പോഴുമാണ് എല്ലാവരെയും സങ്കടത്തിലാഴ്ത്തി ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. അവധിക്കാലത്ത് ക്രിക്കറ്റ് കളിച്ചിരുന്ന കൂട്ടുകാരനെ പെട്ടെന്ന് നഷ്ടപ്പെട്ടതോർത്ത് പലരും ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തരായിട്ടില്ല. ഇടവഴിയിലെ ചോരക്കറകൾ ഒരു നൊമ്പരമായി അവശേഷിക്കുന്നു. സാധാരണയായി കടയിൽ പോകുന്നത് റിസ്ടിയുടെ ജ്യേഷ്ഠൻ ഏബിൾ ആയിരുന്നു. ഏബിളിനു സുഖമില്ലാത്തതിനാൽ റിസ്ടി പാലും മുട്ടയും വാങ്ങി ലെയ്സും കൊറിച്ചു വീട്ടിലേക്കു വരുമ്പോഴാണ് മരണം അജി ദേവസ്യയുടെ രൂപത്തിൽ വന്നതും ആ കുരുന്നു ജീവൻ കവർന്നെടുത്തതും .
Post Your Comments