കാസർകോട്: കരിന്തളം കോളജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ മുൻ എസ്എഫ്ഐ നേതാവ് തൃക്കരിപ്പൂർ സ്വദേശിനി കെ വിദ്യ ഇപ്പോഴും ഒളിവിൽ. അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും. പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. മാർക്ക്ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും.
വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. വ്യാജരേഖ സമർപ്പിച്ച് ഗസ്റ്റ് ലക്ചററായി വിദ്യ ഒരു വർഷം ജോലിചെയ്ത കരിന്തളം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലും പൊലീസ് സംഘമെത്തി പ്രിൻസിപ്പൽ ഇൻ ചാർജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. വിദ്യ നിയമനം നേടിയതിൽ കോളജിൽ ആരുടെയെങ്കിലും സഹായം ഉണ്ടോ എന്നും പോലീസ് പരിശോധിച്ചു വരുന്നുണ്ട്.
2022 ജൂൺ മുതൽ മാർച്ച് വരെയാണ് കരിന്തളം കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റു ഹാജരാക്കി ജോലി ചെയ്തത്. മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലെക്ചർ ആയിരുന്നു എന്ന വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുമായാണ് അഭിമുഖത്തിന് എത്തിയത്. അധ്യാപികയായി നിയമനം ലഭിച്ചതോടെ കണ്ണൂർ സർവ്വകലാശാലയുടെ മൂല്യനിർണയ ക്യാമ്പിലും പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസവും ജോലി തുടരാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായി കണ്ടെത്തിയിരുന്നു. ഇത്തവണയും ഇന്റർവ്യൂവിൽ പങ്കെടുത്ത വിദ്യയ്ക്ക് അഞ്ചാം റാങ്കാണ് ലഭിച്ചത്. അതിനാൽ നിയമനം നൽകിയില്ല.
അതേസമയം, വിദ്യയെ പിടികൂടുന്ന കാര്യത്തിൽ പോലീസ് ഉരുണ്ടുകളിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം വിദ്യയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ട് നാല് ദിവസമായി. എന്നിട്ടും പോലീസ് ഉറക്കത്തത്തിലാണ്. സംസ്ഥാനത്തെ 2 സ്റ്റേഷനുകളിൽക്കൂടി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വിദ്യയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്നാണു സൂചന. എന്നാൽ, പോലീസ് ആ വഴിക്ക് നീങ്ങുന്നത് പോലുമില്ല.
Post Your Comments