തിരുവനന്തപുരം: വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനം നിരോധിക്കാനാകില്ലെന്ന തിരിച്ചറിവിൽ സംസ്ഥാന സർക്കാർ. നിരോധനം സാധ്യമാകാത്ത സാഹചര്യത്തിൽ സിനിമ ബഹിഷ്കരിക്കാനാണ് സർക്കാർ തീരുമാനം. സിനിമക്കെതിരായ ഹര്‍ജി സുപ്രീം കോടതി സ്വീകരിക്കാതിരിക്കുകയും, സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ സിനിമ നിരോധിക്കാൻ കഴിയുമോയെന്ന സംശയവുമാണ് പുതിയ തീരുമാനത്തിലേക്ക് എത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
ചിത്രത്തിനെതിരെ മൂന്ന് ഹർജികളാണ് സുപ്രീം കോടതിയിലെത്തിയത്. സമൂഹത്തെയാകെ അധിക്ഷേപിക്കുന്ന ചിത്രം വസ്തുതാപരമല്ലാത്ത കാര്യങ്ങളെ സത്യമെന്ന രീതിയില്‍ അവതരിപ്പിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് എഴുതിക്കാണിക്കണം. മറ്റന്നാള്‍ റിലീസാണ്. അതിനാല്‍ നാളെത്തന്നെ ഹര്‍ജി കേൾക്കണമെന്നും വൃന്ദ ഗ്രോവര്‍ കോടതിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന്‍റെ മുന്‍പിലേക്ക് ആണ് ഹര്‍ജികള്‍ എത്തിയത്.
അതേസമയം, വിവാദങ്ങളും വിമർശനങ്ങളും നിലനിൽക്കെ ‘ദി കേരള സ്റ്റോറി’ നളെ റിലീസിനെത്തും. റിലീസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം നടത്തിയിരുന്നു. കൊച്ചിയിൽ ഷേണായിസ് തീയേറ്ററിൽ നടന്ന പ്രത്യേക പ്രദർശനം ക്ഷണിക്കപ്പെട്ട അതിഥികൾക്കായിരുന്നു. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് എത്തിയത്. എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു, ഷിബു തിലകൻ എന്നിവരുൾപ്പടെ ചിത്രം കാണാനെത്തിയിരുന്നു.
‘സിനിമ കേരളത്തെ അപമാനിക്കുന്നതല്ല എന്നും സിറിയയിലെ തലവെട്ടൽ പോലയുള്ള കാര്യങ്ങളൊഴികെ വയലൻസ് രംഗങ്ങൾ കുറവാണ്. ഏതെങ്കിലും മതത്തെ ഇല്ലാതാക്കണമെന്ന് സിനിമയിൽ പറഞ്ഞിട്ടില്ല. സെൻസർ ചെയ്ത സിനിമയാണ് പ്രദർശിപ്പിച്ചത്’, സിനിമ കണ്ട ശേഷം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.
Post Your Comments