KeralaLatest News

അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരികെ എത്തിയേക്കും, മിഷനിൽ പബ്ലിസിറ്റി കൂടിപ്പോയെന്ന് ഡോ. പിഎസ് ഈസ

തിരുവനന്തപുരം: അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. ഈസ. ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ചിലയിടങ്ങളിൽ ട്രാൻലൊക്കേറ്റ് ചെയ്ത ആനകൾ തിരിച്ചുവന്നിട്ടുണ്ട്. മിഷൻ അരിക്കൊമ്പനിൽ വനംവകുപ്പിന്‍റെ പബ്ലിസിറ്റി കൂടിപ്പോയി.

പെരിയാർ കടുവ സങ്കേതത്തെക്കാൾ പറമ്പിക്കുളം തന്നെയായിരുന്നു അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കാനുള്ള മികച്ച ഇടമെന്നും ഡോ. പിഎസ് ഈസ പറഞ്ഞു. പറമ്പിക്കുളത്ത് അനാവശ്യമായി ജനങ്ങൾ പ്രശ്നമുണ്ടാക്കിയതോടെയാണ് അത് മാറ്റേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ പബ്ലിസിറ്റി വനംവകുപ്പ് കുറയ്ക്കണം.

അരിക്കൊമ്പന് പേര് തന്നെ വന്നത് വട്ടപ്പേര് കൊടുക്കുംപോലെയാണ്. അരി മാത്രം തിന്നുന്ന ആനയെന്ന് പ്രചാരണം ഉണ്ടായി. ആന പിണ്ഡത്തിൽ ഒരു തരി അരി പോലും ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ പ്രചാരം കൊടുക്കാതെ കാര്യങ്ങൾ ചെയ്യണമായിരുന്നു. ചിന്നക്കനാലിൽ നിന്നും മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അരിക്കൊമ്പനെ തുറുന്നുവിടുകയായിരുന്നു.

തുറന്നുവിട്ട ആന കഴിഞ്ഞ ദിവസം തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുകയാണെന്ന് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. തുറന്നുവിട്ട സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അപ്പുറം തമിഴ്നാട് വന മേഖല വരെ കൊമ്പൻ സഞ്ചരിച്ചുവെന്നായിരുന്നു വിവരം.

എന്നാൽ അരിക്കൊമ്പനിൽ നിന്ന് സിഗ്നൽ ലഭിക്കുന്നില്ലെന്നാണ് ഇന്ന് ലഭിക്കുന്ന വിവരം. ഇന്നലെ ഉച്ചയ്ക്കാണ് അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചത്. സാങ്കേതിക പ്രശ്നമാണെന്ന് വിശദീകരിക്കുകയാണ് വനം വകുപ്പ്.

ഇന്നലെ ഉച്ചയ്ക്ക് തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button