Latest NewsNewsIndia

പോലീസ് വേരിഫിക്കേഷനും ഹൈടെക്ക് ആകുന്നു; mPassport Police App’ പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്ത് പോലീസ് വേരിഫിക്കേഷനും ഹൈടെക്ക് ആകുന്നു. പാസ്പോർട്ട് വിതരണത്തിനുള്ള പോലീസ് വെരിഫിക്കേഷൻ നടപടികൾ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം (MEA) ‘mPassport പോലീസ് ആപ്പ്’ പുറത്തിറക്കി.

ഡൽഹി പോലീസിന്റെ 76 -ാമത് റൈസിംഗ് ഡേ പരേഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ആപ്പ് പുറത്തിറക്കിയത്. നിലവിൽ ഡൽഹി മേഖലയിലാണ് ആപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുക. ഘട്ടംഘട്ടമായി ആപ്പിന്റെ വ്യാപനം രാജ്യമൊട്ടാകെ സാധ്യമാക്കുമെന്നാണു റിപ്പോർട്ട്. ഇപ്പോൾ ഡൽഹിയിൽ താമസിക്കുന്നവർക്ക് പാസ്പോർട്ടിന്റെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷനായി 15 ദിവസം കാത്തിരിക്കേണ്ടതില്ലെന്ന് ആപ്പ് പുറത്തിറക്കി കൊണ്ട് അമിത് ഷാ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി പാസ്‌പോർട്ട് പേലീസ് വേരിഫിക്കേഷനായി പോലീസുകാർക്ക് 350 മൊബൈൽ ടാബ്ലെറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. ഡൽഹി പോലീസ് സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്കാണ് ഇവ നൽകിയിട്ടുള്ളത്. ഇതോടെ പോലീസ് വേരിഫിക്കേഷൻ നടപടികൾ പൂർണമായും കടലാസ് രഹിതവും, കാര്യക്ഷമവും ആകും. നിലവിൽ പോലീസ് വേരിഫിക്കേഷനു ശേഷമുള്ള പേപ്പർ നടപടികൾ സമയം അപഹരിക്കുന്നതാണ്. പുതിയ സംവിധാനം റിയൽടൈമിൽ നടപടികൾ പൂർത്തീകരിക്കും.

കാര്യക്ഷമമായ സേവന വിതരണത്തിനും ഡിജിറ്റൽ ഇന്ത്യയ്ക്കും പ്രതിജ്ഞാബദ്ധമാണ് റീജിയണൽ പാസ്പോർട്ട് ഓഫീസുകളെന്നു വ്യക്തമാക്കുന്നതാണ് നടപടി. പുതിയ സംവിധാനം 15 ദിവസത്തിലേറെ എടുത്തിരുന്ന പോലീസ് വേരിഫിക്കേഷൻ നടപടി 5 ദിവസത്തിൽ താഴെയായി കുറയ്ക്കുമെന്ന് ഡൽഹി പോലീസും ട്വീറ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button