India

ആധാറും ബില്ലും ഉടന്‍ നിയമമാകും : രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തത് ബാധിക്കില്ല

ന്യൂഡല്‍ഹി : ആധാര്‍ ബില്ലിനെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവുമായുള്ള ശീതസമരം തുടരുന്നു. രാജ്യസഭയുടെ ഇന്നത്തെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ബില്ലിനു സി.പി.എം ഭേദഗതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍, ബില്‍ അവതരിപ്പിക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണു പ്രതിപക്ഷം കരുതുന്നത്. ലോക്‌സഭ പാസാക്കിയ ആധാര്‍ ബില്ലിനെ ‘മണി ബില്‍’ ഗണത്തില്‍പ്പെടുത്തിയാണു രാജ്യസഭയിലേക്ക് വിട്ടിട്ടുള്ളത്. അതിനാല്‍ തന്നെ ബില്‍ രാജ്യസഭ പാസാക്കേണ്ടതില്ല, പരിഗണിച്ചു ഭേദഗതി ശുപാര്‍ശകള്‍ ഉണ്ടെങ്കില്‍ അവസഹിതം ലോക്‌സഭയിലേക്കു മടക്കി നല്‍കിയാല്‍ മതി. ബില്‍ രാജ്യസഭ പരിഗണിക്കാത്ത സാഹചര്യമുണ്ടായാല്‍ 14 ദിവസത്തിനു ശേഷം അതു പാസായതായി കണക്കാക്കുമെന്നാണ് മണി ബില്‍ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥ.

ആധാര്‍ പദ്ധതിയില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ആര്‍ക്കും കൈ മാറാന്‍ പാടില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നാണ് സി.പി.എമ്മിലെ ഋതബ്രത ബാനര്‍ജി നല്‍കിയിട്ടുള്ള ഭേദതഗി നോട്ടീസ്. ഈ ഭേദഗതി ശുപാര്‍ശ രാജ്യസഭ അംഗീകരിച്ചാല്‍ ബില്‍ ലോക്‌സഭ വീണ്ടും പരിഗണിച്ചു പുതിയ നിര്‍ദ്ദേശം തള്ളാനോ കൊള്ളാനോ തീരുമാനിക്കണം.

രാജ്യസഭയില്‍ ഏതെങ്കിലും വിഷയത്തില്‍ ബഹളമുണ്ടാകുന്ന സാഹചര്യത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും അവസരമുണ്ടാവില്ലെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ പക്ഷത്തു നിന്ന് സൂചിക്കപ്പെടുന്നത്. അല്ല, അവതരിപ്പിച്ചു ചര്‍ച്ച നടക്കുന്ന സ്ഥിതിയാണെങ്കില്‍, രാജ്യസഭയില്‍ നിന്നു മടക്കി നല്‍കുന്ന ബില്‍ ഇന്ന് എത്ര വൈകിയാലും ലോക്‌സഭയില്‍ പരിഗണിപ്പിച്ചു തീരുമാനമെടുപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതി ഇന്ന് അവസാനിക്കും.

ഇതിനിടെ, ഏതു ബില്ലും മണി ബില്‍ ആണോയെന്നും സര്‍ക്കാര്‍ പ്രതിപക്ഷവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അന്തിമ തീരുമാനം ലോകസഭാ സ്പീക്കറുടേതാണെന്ന ഭരണഘടനാ വ്യവസ്ഥ (110(3) കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഏതൊക്കെയാണ് മണി ബില്‍ ഗണത്തില്‍ പെടുകയെന്നു ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതു പാലിച്ചാല്‍ മതി. സ്പീക്കര്‍ അധികാരം പ്രയോഗിക്കേണ്ട പ്രശ്‌നമുദിക്കുന്നില്ലെന്നും യെച്ചൂരി വിശദീകരിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button