ലക്ഷണങ്ങളൊന്നുമില്ലാതെയോ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടു കൂടിയോ സാധാരണ ഹൃദയാഘാതത്തിന്റേതല്ലാത്ത ലക്ഷണങ്ങളുമായോ (Atypical symptoms) സംഭവിക്കുന്ന ഹൃദയാഘാതത്തെയാണു നിശ്ശബ്ദ ഹൃദയാഘാതം. പ്രധാനമായും രണ്ടു തരമുണ്ടിത്. പൂര്‍ണമായും നിശ്ശബ്ദം – അതയാത് ഹൃദയാഘാതം ഉണ്ടായതിന്റെ ഒരു ലക്ഷണവും രോഗിക്ക് അനുഭവപ്പെടുകയില്ല. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞു മറ്റെന്തെങ്കിലും ആവശ്യത്തിനു പരിശോധന നടത്തുമ്പോഴാകും തനിക്ക് അറ്റാക്ക് വന്നിരുന്ന കാര്യം രോഗി അറിയുക.
Read Also: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഇനി മുതല്‍ ഒടിപി നമ്പര്‍ വേണം
രണ്ടാമത്തേത് റിലേറ്റീവ്ലി സൈലന്റ്- അതായതു വിയര്‍പ്പോ ക്ഷീണമോ വയറുവേദനയോ പോലെ സാധാരണഗതിയില്‍ ഹൃദയാഘാതവുമായി ചേര്‍ത്തു വായിക്കാത്ത ലക്ഷണങ്ങള്‍ വന്നു പോയിട്ടുണ്ടാകാം. പക്ഷേ, രോഗി അതു തിരിച്ചറിയാത്തതു മൂലം ചികിത്സയെടുത്തിട്ടുണ്ടാകില്ല.
45 നും 84 നും ഇടയില്‍ പ്രായമുള്ള നിലവില്‍ ഹൃദയധമനീ പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത 2000 ആളുകളില്‍ 10 വര്‍ഷമായി നടത്തിയ പഠനത്തില്‍ ഇവരില്‍ എട്ടു ശതമാനത്തിനും മയോകാര്‍ഡില്‍ വടുക്കള്‍ ഉള്ളതായി കണ്ടു. ഹൃദയാഘാതം സംഭവിച്ചതിന്റെ തെളിവാണ് ഈ വടുക്കള്‍. ഇതില്‍ 80 ശതമാനം പേരാകട്ടെ തങ്ങള്‍ക്കു ഹൃദയാഘാതം സംഭവിച്ചു എന്നതിനെക്കുറിച്ച് ഒന്നുമേയറിഞ്ഞിട്ടുമില്ലായിരുന്നു.
ലക്ഷണമില്ല എന്നോ തീവ്രമായ ലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതു കൊണ്ടോ ഹൃദയത്തിനു തകരാര്‍ സംഭവിച്ചിട്ടില്ല എന്നു കരുതരുത്. ഏതു തരം ഹൃദയാഘാതമായാലും ഹൃദയത്തിനു പ്രശ്‌നങ്ങള്‍ വരാം. സാധാരണ ഹൃദയാഘാതം സംഭവിക്കുമ്പോള്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു വിദഗ്ധ സഹായം തേടേണ്ടതുണ്ട്. ഇതു ഹൃദയപേശികള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടം നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുന്നു.
പക്ഷേ, നിശ്ശബ്ദ ഹൃദയാഘാതത്തില്‍ പലപ്പോഴും രോഗി അറ്റാക്ക് ഉണ്ടായ വിവരം അറിയാത്തതുകൊണ്ട് വൈദ്യസഹായം ലഭിക്കുന്നില്ല. തന്മൂലം ഇവരില്‍ ഭാവിയില്‍ ഹൃദയപരാജയം വരാനുള്ള സാധ്യത വര്‍ധിക്കാം. മാത്രമല്ല, കൂടുതല്‍ തീവ്രമായ ഒരു രണ്ടാം ഹൃദയാഘാതത്തിനും സാധ്യതയുണ്ട്.
പെട്ടെന്നുള്ള മരണങ്ങള്‍
നിശ്ശബ്ദ ഹൃദയാഘാതം സംശയിക്കാവുന്ന ചില ഘട്ടങ്ങളാണ് ഉറക്കത്തിലുള്ള മരണവും കുഴഞ്ഞു വീണുള്ള മരണവുമൊക്കെ. ഉറക്കത്തിലുണ്ടാകുന്ന മരണത്തിലേക്കു നയിക്കുന്നത് രണ്ടു പ്രധാന കാരണങ്ങളാണ്.
ഹൃദയതാളത്തിലുള്ള ക്രമക്കേടുകള്‍, ഹൃദയമിടിപ്പ് വല്ലാതെ കൂടുന്ന ടാക്കി കാര്‍ഡിയ, ഹൃദയമിടിപ്പ് വളരെയധികം താഴ്ന്നു പോകുന്ന ബ്രാഡികാര്‍ഡിയ എന്നിവയൊക്കെ മരണകാരണമാകാം.
രണ്ടാമതായി പെട്ടെന്ന് ബിപി താഴ്ന്നു പോയി ഹൃദയപേശികളിലേക്കും തലച്ചോറിലേക്കുമുള്ള രക്തമൊഴുക്കു കുറഞ്ഞ് ഷോക്ക് ഉണ്ടായി മരിക്കാം.
ചെറുപ്പക്കാരിലുള്‍പ്പെടെ പെട്ടെന്നുള്ള മരണം, സംഭവിക്കാന്‍ ഒരു പ്രധാനകാരണം, ജനിതകമായ ഹൃദ്രോഗങ്ങളാണ്. ഉദാഹരണത്തിന്, ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി അഥവാ ഹൃദയപേശികള്‍ക്കു കട്ടി കൂടുന്ന ജനിതകരോഗാവസ്ഥ കായികമത്സരങ്ങള്‍ക്കിടയിലും മറ്റും സംഭവിക്കുന്ന പെട്ടെന്നുള്ള മരണത്തിനു കാരണമാകാം.
Post Your Comments