Life StyleHealth & Fitness

ബിപി കുറയുമ്പോള്‍ ശരീരത്തിന്റെ ധര്‍മ്മങ്ങള്‍ അടിമുടി തെറ്റുന്നു, പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്നറിഞ്ഞിരിക്കാം

ബിപി (രക്തസമ്മര്‍ദ്ദം) കൂടുന്നത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുകയെന്ന് ഏവര്‍ക്കുമറിയാം. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ അത് നിയന്ത്രിച്ച് മുന്നോട്ടുപോയേ മതിയാകൂ. ബിപി ഇല്ലാത്തവരാകട്ടെ, ബിപിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും വേണം.

ബിപി കൂടിയാല്‍ അത് പ്രധാനമായും ഹൃദയത്തെയാണ് ബാധിക്കുകയെന്ന് നമുക്കറിയാം. ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്‌ട്രോക്ക്) പോലുള്ള അതിസങ്കീര്‍ണതകളിലേക്കെല്ലാം ബിപി കൂടുന്നത് നയിക്കാം.

ഇത്തരത്തില്‍ ബിപി കൂടുന്നതിനെയും അത് കൂടിയാലുള്ള പ്രശ്‌നങ്ങളെയും കുറിച്ച് ധാരാളം ചര്‍ച്ചകള്‍ വരാറുണ്ട്. എന്നാല്‍ ബിപി കുറഞ്ഞാല്‍ അതെങ്ങനെയാണ് നമ്മെ ബാധിക്കുകയെന്ന് അധികമാരും പറഞ്ഞുകേള്‍ക്കാറില്ല, അല്ലേ?

എപ്പോഴാണ് ബിപി കുറയുന്നത്? എങ്ങനെയാണ് ബിപി കുറഞ്ഞുവെന്ന് മനസിലാവുക?

ബിപി 90/60 mmHgയിലും കുറവാകുമ്പോള്‍ ബിപി കുറഞ്ഞു എന്ന് മനസിലാക്കാം. എന്നാലത് മനസിലാക്കാന്‍ എപ്പോഴും സാധിക്കണമെന്നില്ല. എന്തെങ്കിലും ലക്ഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കണ്ടാലേ നമുക്ക് ബിപി പ്രശ്‌നമാണെന്ന് മനസിലാവൂ. അത് സ്ഥിരീകരിക്കാനാകട്ടെ, ആശുപത്രിയില്‍ പോയേ തീരൂ.

തലകറക്കം, കാഴ്ച മങ്ങല്‍, ബോധക്ഷയം, ഓക്കാനം-ഛര്‍ദ്ദി, ഉറക്കംതൂങ്ങല്‍, കാര്യങ്ങള്‍ വ്യക്തമാകാത്ത പോലെ ‘കണ്‍ഫ്യൂഷന്‍’ പിടിപെടല്‍- എല്ലാമാണ് ബിപി താഴുന്നതിന്റെ ലക്ഷണങ്ങള്‍. ബിപി ഇടയ്ക്ക് ചെക്ക് ചെയ്യുമ്പോഴാണ് കുറഞ്ഞതായി കണ്ടെത്തിയത് എങ്കിലും ഡോക്ടറോട് അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ച്, വേണ്ടതുപോലെ ചെയ്യല്‍ നിര്‍ബന്ധമാണ്.

വിഷാദത്തിന് കഴിക്കുന്ന മരുന്നടക്കം ചില മരുന്നുകള്‍, ദീര്‍ഘസമയം റെസ്റ്റ് ചെയ്യുന്നത്, അലര്‍ജി, ഹൃദ്രോഗങ്ങള്‍ (ഹൃദയാഘാതം പോലുള്ള അവസ്ഥകള്‍ അടക്കം), പാര്‍ക്കിന്‍സണ്‍സ് രോഗം, എന്‍ഡോക്രൈന്‍ രോഗങ്ങള്‍, നിര്‍ജലീകരണം, രക്തനഷ്ടം, അണുബാധകള്‍, പോഷകക്കുറവ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ബിപി താഴുന്നതിലേക്ക് ഏറെയും നയിക്കുന്നത്. കാരണത്തിന് അനുസരിച്ച് ബിപി താഴുന്നതിന്റെ തീവ്രതയും കാണാം.

എന്തായാലും ബിപി കുറഞ്ഞാലും അത് പ്രശ്‌നം തന്നെയാണെന്ന് മനസിലാക്കണം. ഹൃദയത്തിന് തന്നെയാണ് ഏറെയും ‘പണി’. ബിപി താഴുന്നത് ഒരുപക്ഷേ ഹൃദയം അപകടത്തിലാണെന്നതിന്റെ സൂചനയാകാം. അതല്ലെങ്കില്‍ ബിപി താഴുന്നത് ഹൃദയത്തെ ബാധിക്കാം. ഏതായാലും ഹൃദയത്തിന് റിസ്‌കുണ്ട്.

ഹൃദയാഘാതം, ഹാര്‍ട്ട് ഫെയിലിയര്‍ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് എത്താം. സ്‌ട്രോക്ക്, വീഴ്ച, കരളിന് കേടുപാട്, വൃക്കയ്ക്ക് കേടുപാട്, ഡിമെന്‍ഷ്യ എന്നിങ്ങനെ പല പ്രത്യാഘാതങ്ങളും ബിപി കുറവ് നമ്മളിലുണ്ടാക്കാം. ഇത് ഒന്നും തന്നെ നിസാരമായ അവസ്ഥയുമല്ല. അതിനാല്‍ ബിപി ഉള്ളവരും ഇല്ലാത്തവരുമെല്ലാം ബിപി കുറയുന്നതിന്റെ അപകടത്തെ കുറിച്ച് കൂടി അറിഞ്ഞിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button