ആലപ്പുഴ: ചെങ്ങന്നൂരിൽ അതി ക്രൂരമായി വയോധികയെ വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടിൽ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വർഗീസ് (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ റിൻജു സാം പൊലീസ് പിടിയിലായി.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പിൽ റോസമ്മയുടെ മകൻ റിൻജു സാമിനെ(28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഫെബ്രുവരി മുതൽ റിൻജുവിന്റെ കുടുംബത്തിനൊപ്പമാണ് അന്നമ്മ താമസിച്ചിരുന്നത്. മാനസിക പ്രശ്നങ്ങൾ ഉള്ള റിൻജു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Read Also : അയർലണ്ടിലേക്ക് നടത്തിയ പേയ്മെന്റ് റോയൽറ്റിയല്ല, നികുതിയിൽ നിന്ന് ഒഴിവാക്കി ഐടിഎടി
മാതാപിതാക്കളായ സാമും റോസമ്മയും വെട്ടേൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. അതി ക്രൂരമായിട്ടാണ് വെട്ടിക്കൊന്നതെന്നും ശരീരത്തിൽ 20 ലേറെ മുറിവുകളുണ്ടെന്നുമാണ് വിവരം. പൊലീസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നുവെന്നും അകത്ത് നിന്ന് വാതിൽ അടച്ചായിരുന്നു ആക്രമണമെന്നും പൊലീസ് പറഞ്ഞു.
ചെന്നൈയിൽ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്ന റിൻജു മാനസിക പ്രശ്നങ്ങളെ തുടർന്ന് ജോലി ഉപേക്ഷിച്ച് മാസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അന്നമ്മയെ ആക്രമിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments