ഡമാസ്കസ്: സിറിയയിൽ ഡമാസ്കസിനു സമീപം സൈനിക ബസിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 18 സൈനികർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയൻ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലേക്കുള്ള ഹൈവേയിൽ ഡമാസ്കസിന്റെ ഗ്രാമപ്രദേശത്തുള്ള അൽ-സബൂറ ഏരിയയിൽ വ്യാഴാഴ്ച സ്ഫോടനം നടന്നതായി യുദ്ധ നിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. 11 വർഷമായി സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ കൊല്ലപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന സംഘടനയാണ് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ്.
ജൂണിൽ, വടക്കൻ പ്രവിശ്യയായ റാഖയിൽ ഐഎസ്ഐഎസ് സായുധ സംഘം നടത്തിയ ബസ് ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടിരുന്നു. മെയ് മാസത്തിൽ വടക്കുപടിഞ്ഞാറൻ സിറിയയിൽ സൈനിക ബസിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സിറിയയിൽ ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന സംഘർഷത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർ രാജ്യത്ത് നിന്ന് പലായനം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
Post Your Comments