കനയ്യ കുമാറിന് കോടതി 6-മാസക്കാലത്തെ താത്ക്കാലിക ജാമ്യം അനുവദിച്ചതോടെ ഇന്ത്യയിലെ ഭരണവിരുദ്ധ ചേരിയിലുള്ള കക്ഷികള്‍ വിജയാഘോഷത്തിലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ തങ്ങള്‍ക്ക് നേടാന്‍ സാധിച്ച ഒരു വിജയമായാണ് പ്രതിപക്ഷ കക്ഷികള്‍ കനയ്യയുടെ മോചനത്തെ കൊണ്ടാടുന്നത്. മോചനത്തിനു ശേഷം ജെഎന്‍യു കാമ്പസില്‍ തിരികെയെത്തിയ കനയ്യ, ഉജ്ജ്വലമായ ഒരു പ്രസംഗത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭാവിതാരമാണ് താനെന്ന് തെളിയിച്ചും കഴിഞ്ഞു. ഈ അവസരത്തില്‍, ഈ സംഭവത്തില്‍ എങ്ങനെയെങ്കിലും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ തിടുക്കപ്പെട്ട് നടക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഓര്‍ക്കാനാഗ്രഹിക്കാത്ത ഒരു മുഖമുണ്ട്; ചന്ദ്രശേഖര്‍ പ്രസാദിന്റെ മുഖം.
കനയ്യയെപ്പോലെ തന്നെ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് (ജെ.എന്‍.യു.എസ്.യു) നേതാവായിരുന്നു ചന്ദ്രശേഖര്‍ പ്രസാദ്. കടുത്ത ഇടതുപക്ഷ സ്വഭാവമുള്ള ആള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ തീപ്പൊരി നേതാവായിരുന്നു ചന്ദ്രശേഖര്‍ പ്രസാദ്. അദ്ദേഹം രണ്ടു തവണ ജെ.എന്‍.യു.എസ്.യു-ന്റെ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കനയ്യ കുമാറിനെപ്പോലെ തന്നെ സാധാരണ ചുറ്റുപാടുകളില്‍ നിന്ന് വന്ന പ്രസാദ് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഒരു മിന്നുംതാരം തന്നെയായിരുന്നു.
ബീഹാറിലെ സിവന് ജില്ലയില്‍ നിന്നാണ് പ്രസാദിന്റെ ജെഎന്‍യു-വിലേക്കുള്ള വരവ്. പ്രസാദ് ജെഎന്‍യു-വില്‍ പഠിക്കുന്ന കാലത്ത് സിവനില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി-യുടെ കിരാതവാഴ്ചയാണ് അരങ്ങേറിയിരുന്നത്. ആര്‍ജെഡി നേതാവ് മൊഹമ്മദ് ഷഹാബുദ്ദീന്റെ ഉരുക്കുമുഷ്ടി ഭരണമാണ് സിവനില്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്.
ജെഎന്‍യു-വിലെ പഠനത്തിനു ശേഷം രാഷ്ട്രീയത്തെ ശുദ്ധിവത്കരിക്കുന്ന ഒരു വിപ്ലവം സൃഷ്ടിക്കണമെന്ന മോഹവുമായാണ് പ്രസാദ് നടന്നിരുന്നത്. തന്റെ മാതൃജില്ലയായ സിവനില്‍ നിന്നുതന്നെ ആ വിപ്ലവം തുടങ്ങണം എന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ ലക്ഷ്യം മുന്നില്‍ക്കണ്ടു കൊണ്ട്, താനാണ് നിയമം എന്ന വിചാരവുമായി ആര്‍ജെഡി-യുടെ “ജംഗിള്‍ രാജ്” സിവനില്‍ നടപ്പിലാക്കിയിരുന്ന ഷഹാബുദ്ദീനനെതിരെ പലതവണ പ്രസാദ് പരിപാടികളും, റാലികളും സംഘടിപ്പിക്കുകയുണ്ടായി.
പക്ഷെ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ പ്രസാദിന് സാധിച്ചില്ല. 1997, മാര്‍ച്ച് 31-ന് സിവനില്‍ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കെ ചന്ദ്രശേഖര്‍ പ്രസാദ് എന്ന ഭാവിയുടെ വാഗ്ദാനമായിരുന്ന വിദ്യാര്‍ത്ഥിനേതാവ് വെടിയേറ്റ് വീണു. സിവനില്‍ പ്രസാദിന്റെ പ്രവര്‍ത്തനങ്ങള്‍ ആര്ക്കയിരുന്നോ ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയിരുന്നത് അവര്‍ തന്നെ അദ്ദേഹത്തെ നിശബ്ദനാക്കി.
ബീഹാറിലെ ജംഗിള്‍ രാജിന്റെ പിന്നിലെ ഗുണ്ടകളായ നേതാക്കന്മാരോട് ഏറ്റുമുട്ടിയതിന്റെ വില, സ്വന്തം ജീവന് കൊണ്ടാണ് ചന്ദ്രശേഖര്‍ പ്രസാദിന് ഒടുക്കേണ്ടി വന്നത്. ഇപ്പോള്‍ ലാലുപ്രസാദിന്റെ തോളില്‍ കയ്യിട്ട് നടക്കുന്ന കോണ്‍ഗ്രസിന് ഇങ്ങനെയൊരു വ്യക്തിയേയും, ഇത്തരമൊരു സംഭവവും ഓര്‍മ്മയുണ്ടാകുമോ എന്തോ?
Post Your Comments