ന്യൂഡല്‍ഹി: നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് തനിക്കുള്ള പരീക്ഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരീക്ഷകളോടുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റാന്‍ സാധിച്ചാല്‍ അവയെക്കുറിച്ചുള്ള അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ സ്വയം അളക്കാന്‍ നില്‍ക്കരുത്. വലിയ ലക്ഷ്യങ്ങള്‍ക്കായി വേണം നാം എപ്പോഴും പ്രയത്‌നിക്കാന്‍. മനസ് ശാന്തമാണെങ്കില്‍ അറിവിന്റെ നിധി കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അപ്പോള്‍ പരീക്ഷകള്‍ വളരെ എളുപ്പമായിരിക്കും. ചിന്തകള്‍ പോസിറ്റീവായിരിക്കുമ്പോള്‍ മാത്രമേ പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ സംഭവിക്കൂബ എന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉപദേശവും അദ്ദേഹം വിദ്യാര്‍ത്ഥികളോടായി പറഞ്ഞു.
അചഞ്ചലരായിരിക്കുക, അമിത ആത്മവിശ്വാസവും അമിത നിരാശയും ഒഴിവാക്കുക എന്ന ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ വാക്കുകളും അദ്ദേഹം ഫെബ്രുവരി മാസത്തിലെ മന്‍ കി ബാത്തില്‍ അറിയിച്ചു. നാളത്തെ ബജറ്റിലൂടെ രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും എന്നെ പരീക്ഷിക്കാന്‍ അവസരം കിട്ടും. പക്ഷേ എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.
നാളെ നടക്കുന്ന തന്റെ പരീക്ഷയും അതിന് ശേഷം വരുന്ന നിങ്ങളുടെ പരീക്ഷകളും നമ്മള്‍ വിജയകരമായി പാസാവും എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം മന്‍ കി ബാത്ത് അവസാനിപ്പിച്ചത്.
Post Your Comments