ന്യൂഡല്‍ഹി: ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം നല്‍കിയത്. ആരോഗ്യ കുടുംബക്ഷേമ സ്‌പെഷ്യല്‍ സെക്രട്ടറി ഉദിത് പ്രകാശ് റായ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലം മാറ്റം.
രണ്ട് അഴിമതി കേസുകളുമായി ബന്ധപ്പെട്ട് ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സഹായിച്ചതിന്റെ പേരില്‍ ഉദിത് പ്രകാശ് റായിക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തോട് (എംഎച്ച്എ) ശുപാര്‍ശ ചെയ്തിരുന്നു. റായിയെ ഭരണപരിഷ്‌കാര വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി ആണ് മാറ്റിയിരിക്കുന്നത്.
അതേസമയം മദ്യനയ അഴിമതി കേസില്‍ സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് മനീഷ് സിസോദിയ ആരോപിക്കുന്നത്. അഴിമതി നടത്താത്തതിനാല്‍ ഭയമില്ലെന്നും സിബിഐ അന്വേഷണവുമായി സഹകരിക്കുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. സിബിഐ റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസോദിയ.
മനീഷ് സിസോദിയ ആണ് കേസിലെ ഒന്നാംപ്രതി. എക്‌സൈസ് ഉദ്യോഗസ്ഥര്‍, മദ്യകമ്പനി എക്‌സിക്യുട്ടീവ്‌സ്, ഡീലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, മലയാളികൾ ഉൾപ്പെടെയുള്ള സ്വകാര്യ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
Post Your Comments