പേരാമ്പ്ര: തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം പന്തിരിക്കര സൂപ്പിക്കടയില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദിന്റേത് തന്നെയെന്ന് സൂചനയുമായി ഡിഎൻഎ റിപ്പോർട്ട്. ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ച് വ്യാഴാഴ്ച കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി അയച്ചിരുന്നു. ഇത് തിക്കോടിയില്‍ കണ്ടെത്തിയ മൃതദേഹത്തിലെ ഡി.എന്‍.എ.യുമായി സാമ്യമുള്ളതാണെന്ന റിപ്പോര്‍ട്ടാണ് പോലീസിന് ലഭിച്ചത്.
ഇതോടെ സ്വര്‍ണക്കടത്ത് തട്ടിക്കൊണ്ടുപോകല്‍ കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഇര്‍ഷാദ് പുറക്കാട്ടിരിഭാഗത്ത് പുഴയിലേക്ക് ചാടിയതായി കസ്റ്റഡിയിലെടുത്തയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. അതേസമയം കൈകൾ കെട്ടിയിട്ട നിലയിലുള്ള ഇർഷാദിന്റെ ഫോട്ടോ തട്ടിക്കൊണ്ടുപോയവർ ബന്ധുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദ് പുറക്കാട്ടിരി പാലം പരിസരത്തുവെച്ച് പുഴയിലേക്ക് ചാടിയെന്ന സംശയത്തിന്റെ തുടര്‍ച്ചയായാണ് ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്.
ജൂലായ് 17-നാണ് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തുന്നത്. കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ.പരിശോധനാഫലം കഴിഞ്ഞദിവസം ലഭിച്ചപ്പോള്‍ ബന്ധമില്ലെന്ന സൂചനയാണ് ലഭിച്ചിരുന്നത്. ഇതോടെയാണ് മൃതദേഹം ഇര്‍ഷാദിന്റേതാണോ എന്ന് പരിശോധിക്കാന്‍ പോലീസ് തീരുമാനിക്കുന്നത്.
Post Your Comments