ജനീവ: കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. ബിഎ. 2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും, ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു.
Read Also: ലഹരിക്കടത്ത് സംഘത്തിലെ യുവാവിനെ സാഹസികമായി പിടികൂടി എക്സൈസ്
കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.
ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപവകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന് വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന് സംഭവിച്ചതായാണ് മനസ്സിലാകുന്നത്. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും സൗമ്യ സ്വാമിനാഥന് പറഞ്ഞു.
Post Your Comments