News

രാജ്യത്ത് ഉണ്ടായ 15 മരണത്തിൽ ഒന്‍പതും കേരളത്തില്‍; ഇന്ത്യ അടക്കം 38 രാജ്യങ്ങളിൽ ജെ.എന്‍1 വകഭേദം – ചെയ്യേണ്ടത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടായത് പോലെ മരണസംഖ്യയും ഉയരുന്നു. ഇന്നലെ മാത്രം 111 അധിക കേസുകള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകള്‍ രാജ്യത്ത് 1828 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 1634 കേസുകളുണ്ട്. രാജ്യത്ത് ഈ മാസം ഇതുവരെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഒമ്പത് മരണവും കേരളത്തിലാണ്.

ലോകത്ത് അതിവേഗം പടരുന്ന കൊവിഡ് വകഭേദം ഒമിക്രോണ്‍ ജെ.എന്‍. വണ്‍, കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തിന് വീണ്ടും അതീവ ജാഗ്രത നിര്‍ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്. ജനിതക ഘടനാ പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യം നടത്തിയ പഠനത്തിലാണ് കേരളത്തില്‍ ജെ.എന്‍1 വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്.

സെപ്റ്റംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ചൈനയിലും 7 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി. ചില രാജ്യങ്ങളില്‍ രോഗ ലക്ഷണങ്ങളുമായി നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ എക്‌സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്‌സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎന്‍ 1ന്റെ രോഗ ലക്ഷണങ്ങള്‍ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവുക.

സ്വീകരിക്കേണ്ട മുൻകരുതൽ:

  • സാമൂഹിക അകലം പാലിക്കുക.
  • മാസ്‌ക് ധരിക്കുക.
  • കൈകള്‍ ഇടയ്ക്കിടെ കഴുകുക.
  • ശുചിത്വം പാലിക്കുക.
  • രോഗ ലക്ഷണങ്ങളുള്ളവര്‍ ഒട്ടും വൈകാതെ പരിശോധനയ്ക്ക് വിധേയരാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button