തൊടുപുഴ: പോലീസ് പിടിയിലായ പണമിടപാടുകാരന് മുട്ടം എള്ളുംപുറം അരീപ്പാക്കല്‍ സിബി തോമസിന്റെ (49) സാമ്പത്തിക സ്രോതസുകളെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി. 2015ല്‍ മുട്ടത്ത് ഓട്ടോ ഓടിച്ചു നടന്ന സിബി തോമസിന് ഇപ്പോള്‍ കോടികളുടെ ആസ്തിയാണുള്ളത്. കഴിഞ്ഞ വര്‍ഷം 11 കോടിയാണ് ഇയാള്‍ നികുതിവകുപ്പിനു വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചത്. വീട്ടമ്മമാര്‍ ഉള്‍പ്പെടെ നിരവധിയാളുകളെ കൃത്രിമ രേഖകള്‍ ചമച്ചു കടക്കെണിയിലാക്കി വഞ്ചിച്ച കേസിലാണ് കുളമാവ് സിഐ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി ആര്.കറുപ്പ സ്വാമിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. തൊടുപുഴ മേഖലയില്‍നിന്നു ലഭിച്ച നാലു പരാതികളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇയാള്‍ക്കെതിരെ, വിവിധ പോലീസ് സ്റ്റേഷനുകളിലും കോടതിയിലും നിരവധി വഞ്ചനാ കേസുകള്‍ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. കേസുകളുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കായി ഹാജരാകണമെന്നാവശ്യപ്പെട്ടു സിബി തോമസിന് പോലീസ് സ്റ്റേഷനുകളില്‍നിന്നും ഹൈക്കോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍നിന്നും രേഖാ മൂലം ഉത്തരവ് നല്‍കിയിരുന്നു.
എന്നാല്‍, പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഹാജരാകാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് സിബി തോമസിനെ അറസ്റ്റ് ചെയ്തത്. കെണിയിലാക്കിയ സ്ത്രീകളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന പരാതിയിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
തൊടുപുഴയിലെ അരീപ്ലാക്കല്‍ ഫൈനാന്‍സ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ മറവിലാണ് ഇയാള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
Post Your Comments