തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നഷ്ടത്തിലോടുമ്പോഴും, സർക്കാർ രൂപീകരിച്ച കമ്പനിയായ കെ സ്വിഫ്റ്റ് നിരത്തലിറങ്ങി. ആദ്യ സർവ്വീസിൽ തന്നെ വാഹനം അപകടത്തിൽ പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ച ബസ് ആദ്യ സർവ്വീസിൽ അപകടത്തിൽ പെട്ടത് സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്ക് യാത്ര തിരിച്ച സെമി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം കല്ലമ്പലത്തും കോഴിക്കോട് ബസ് സ്റ്റാൻഡിലും വെച്ച് രണ്ട് തവണയാണ് അപകടമുണ്ടായത്.
സംഭവത്തിൽ, പരിഹാസവുമായി സോഷ്യൽ മീഡിയ രംഗത്ത് വന്നു. കൊട്ടിഘോഷിച്ച് പുറത്തിറക്കിയ പദ്ധതിയുടെ ആദ്യ യാത്ര തന്നെ അപകടത്തിൽ അവസാനിക്കുമ്പോൾ, മുഖ്യമന്ത്രിയെയും സർക്കാരിനെയും അടക്കമുള്ളവരെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. ഉദ്ഘാടന യാത്രയിൽ പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയ്ക്ക് പിന്നിലെ കാരണഭൂതം ആരാണെന്നും എന്താണെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
Also Read:ധോണിക്ക് ആ റോൾ ചെയ്യാൻ കഴിയും, അതാണ് ചെന്നൈക്ക് ആവശ്യം: പാർഥിവ് പട്ടേൽ
സർവ്വീസ് ആരംഭിച്ച ഇന്നലെ, രാത്രി കല്ലമ്പലത്തിന് സമീപം ഒരു ലോറിയുമായി ഉരസിയാണ് ആദ്യ അപകടം ഉണ്ടായത്. ഏകദേശം 35000 രൂപയോളം വിലയുള്ള സൈഡ് മിറർ ഇളകിപ്പോയെങ്കിലും, അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. തുടര്‍ന്ന് കെ.എസ്.ആർ.ടി.സിയുടെ തന്നെ മറ്റൊരു മിറര്‍ ഘടിപ്പിച്ച ശേഷമാണ് ബസ് യാത്ര പുനഃരാരംഭിച്ചത്. പിന്നീട്, കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെത്തിയ സമയത്ത് മറ്റൊരു വാഹനവുമായും ബസ് ഉരസി. സംഭവത്തിൽ, ബസിന്റെ പെയിന്റ് ഇളകുകയും സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപം കേടുപാടുണ്ടാവുകയും ചെയ്തു.
സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങിയത്. 99 ബസുകളിൽ 28 എണ്ണം എ.സി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ.സി സ്ലീപ്പറും. 20 ബസുകൾ എ.സി സെമി സ്ലീപ്പറുകളാണ്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക.
കെ.എസ്.ആർ.ടി.സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് കെ സ്വിഫ്റ്റ്. ലാഭത്തില്‍ നിന്ന് തിരിച്ചടവ് ഉറപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ.എസ്.ആർ.ടി.സി സർവീസുകളിലേതിന് സമാനമായിരിക്കും.
Post Your Comments