മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജൈവ കൃഷി വ്യാപനയജ്ഞത്തിന്റെ ഭാഗമായുള്ള കാർഷിക മതിലിന്റെ ട്രയൽ റൺ ഇന്ന് വൈകിട്ട് നടക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് മാവേലിക്കര കൊമ്പശ്ശേരിൽ ജൂവലറിയുടെ എതിവശത്തുള്ള ജോർജിയൻ ഗ്രൗണ്ടിന്റെ കവാടത്തിൽ നിന്ന് പടിഞ്ഞാറോട്ട് 50 മീറ്റർ നീളത്തിലാണ് ട്രയൽ റൺ നടത്തുന്നത്. എത്ര മണിക്കൂർ കൊണ്ട് ഒരു കിലോമീറ്റർ നീളത്തിൽ കാർഷിക മതിൽ നിർമ്മാണം പൂർത്തീകരിക്കാനാവുമെന്ന് കണക്കുകൂട്ടാനും, ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന സാങ്കേതിക സംവിധാനം അതിലേക്ക് പ്രാപ്തമാകുമോ എന്നറിയുവാനുമാണ് ട്രയൽ റൺ നടത്തുന്നത്.
പടർന്നു കയറുന്ന പച്ചക്കറി ചെടികൾ ഒരു സ്ഥലത്തു നിന്ന് കേടുപാടുകൾ കൂടാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്ന രീതി പുതിയതാണ്. അതിനാൽ, പദ്ധതി എത്രത്തോളം സാധ്യമാകുമെന്ന് പഠിക്കാൻ ട്രയൽ റൺ അത്യാവശ്യമാണ്. വളരെ വെല്ലുവിളികളുള്ള കാർഷിക മതിൽ നിർമ്മാണം പൂർത്തീകരിക്കുവാൻ കൃത്യമായ സംവിധാനങ്ങളോട് കൂടെയാണ് കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മിറ്റി തയ്യാറായിരിക്കുന്നത്.
ഇന്നത്തെ കാലഘട്ടത്തിൽ ചുരുങ്ങിയ സ്ഥലത്ത് വീടു വെച്ചു താമസിക്കുന്നവർക്ക് സ്ഥല പരിമിതി കാരണം പച്ചക്കറി ചെടികൾ നട്ടുവളർത്തണമെന്നാഗ്രഹമുണ്ടങ്കിലും അതിനു കഴിയാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം നഗര നിവാസികളും. ഈ സാഹചര്യത്തിലും, സ്ഥല പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് എങ്ങനെ നല്ല ഒരു അടുക്കള കൃഷിത്തോട്ടം വികസിപ്പിച്ചെടുക്കാമെന്ന് കേരളത്തിന് കാണിച്ചു കൊടുക്കുന്നതും, അതുവഴി ജനങ്ങളെ ജൈവ കൃഷിയിലേക്ക് ആകർഷിച്ച് അടുക്കള കൃഷിത്തോട്ടം വികസിപ്പിക്കുവാൻ ജനങ്ങളെ പഠിപ്പിക്കുന്നതുമായ വലിയ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് മാവേലിക്കരയിൽ കേരള കോൺഗ്രസ് കാർഷിക മതിൽ നിർമ്മിക്കുന്നത്.
Post Your Comments