Latest NewsKeralaIndia

നമ്മുടെ കേരളവും ശ്രീലങ്കയുടെ പാതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്: കെ പി സുകുമാരൻ

എന്തായാലും കേരളം ഇന്ത്യയുടെ ഭാഗം ആയത് കൊണ്ട് ശ്രീലങ്കയുടെ ഗതി വരില്ല.

തിരുവനന്തപുരം: കേരളം ഒരു ജൈവ സംസ്ഥാനമാണെന്നു പറയുമ്പോഴും ഇവിടുത്തെ സ്ഥിതിഗതികൾ അത്ര നല്ല രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരൻ കെ പി സുകുമാരൻ. ശ്രീലങ്കയുടെ പാതയിൽ തന്നെയാണ് കേരളവും എന്നോർമ്മിക്കണമെന്ന് അദ്ദേഹം പറയുന്നു. ഫേസ്‌ബുക്കിലെ കുറിപ്പിലാണ് അദ്ദേഹം ഇത് വിശദീകരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ജൈവകൃഷി കൊണ്ടും കടം വാങ്ങി ധൂർത്ത് കൊണ്ടും തകർന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ശ്രീലങ്ക. നമ്മുടെ കേരളവും ശ്രീലങ്കയുടെ പാതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കേരളം ഒരു ജൈവ സംസ്ഥാനമാണെന്ന് കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾക്കും ജൈവകൃഷി ആണ് വേണ്ടത്. രാസവളവും രാസകീടനാശിനിയും കൃഷിക്ക് ഉപയോഗിച്ചാൽ വിളയുന്നതെല്ലാം വിഷം ആയിരിക്കുമെന്നും അങ്ങനെ സ്വന്തം കൃഷിയില്ലാതെ എല്ലാറ്റിനും അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കൊണ്ട് മലയാളികൾ പരസ്പരം സംബോധന ചെയ്യുന്നത് വിഷം തീനികൾ എന്നാണ്.

അതായത്, തങ്ങൾ മൂന്ന് നേരവും മൃഷ്ടാന്നം തിന്നുന്നത് വിഷം ആണെന്നാണ് മലയാളികൾ കരുതുന്നത്. അങ്ങനെയാണ് ഭക്ഷണത്തെ പറ്റിയുള്ള നിലവിലെ പൊതുബോധം. എന്താ അല്ലേ തിന്നുന്നത് വിഷം എന്ന് വിചാരിക്കുക, എന്നിട്ട് ആ വിഷം വാരി വലിച്ച് തിന്നുക.  ഇനി, കടം വാങ്ങി ധൂർത്തിന്റെ കാര്യത്തിലും കേരളത്തിനു മാതൃക ശ്രീലങ്ക തന്നെയാണ്. KSRTC പോയിട്ട് ബെവ്‌കോ പോലും നഷ്ടത്തിലാണ് പോലും. എന്നിട്ടാണ് ഇപ്പോൾ ലക്ഷം കോടി ജപ്പാനിൽ നിന്ന് കടം വാങ്ങിയിട്ട് അതിവേഗ റെയിൽ പണിയാൻ പാഞ്ഞു നടക്കുന്നത്. എന്നാലേ വികസനം വരികയുള്ളൂ പോലും.

കെ.എസ്.ആർ.ടി ഇവന് ലാഭത്തിലാക്കാൻ കഴിയുന്നില്ല. എന്നിട്ടാണ് ഇപ്പോഴേ കടക്കെണിയിലായ കേരളം വീണ്ടും കടം വാങ്ങി നഷ്ടത്തിലാകാൻ പോകുന്ന കെ-റെയിലും പണിയാൻ പോകുന്നത്. കേരളം കുളം തോണ്ടാൻ പിണറായി വിജയൻ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ഭരണാധികാരികളുടെ മണ്ടത്തരങ്ങൾ ജനങ്ങളെ എങ്ങനെ ബാധിക്കും എന്നതിനു ഉദാഹരണമാണ് ശ്രീലങ്ക. പിണറായി വിജയൻ പക്ഷെ മണ്ടനല്ല കേട്ടോ,
കോടിക്കണക്കിന് കമ്മീഷൻ കൈപ്പറ്റി മാർക്സിസ്റ്റ് പാർട്ടിയെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനമാക്കി വളർത്താനുള്ള കൗശലമാണ് പിണറായി വിജയൻ പ്രയോഗിച്ചു നോക്കുന്നത്.

അദ്ദേഹത്തിന്റെ കൗശലം വിജയിച്ചാൽ കേരളത്തിനു ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല.  ശ്രീലങ്കയുടെ തകർച്ചയ്ക്ക് ഒരു കാരണം കോവിഡ് ഭീതി നിമിത്തം ടൂറിസം നിന്നുപോയതാണ്. എന്നാൽ പ്രധാന കാരണം 2020 ൽ രാസവളം നിരോധിച്ചതും ജൈവകൃഷി മാത്രമേ രാജ്യത്ത് പാടുള്ളൂ എന്നും പ്രസിഡണ്ട് ഉത്തരവ് പ്രഖ്യാപിച്ചതാണ്. ശ്രീലങ്കയ്ക്ക് വിദേശനാണ്യം നേടിത്തന്നത് തേയിലയുടെ കയറ്റുമതിയിലൂടെയായിരുന്നു. രാസവളം നിരോധിച്ചതോടുകൂടി തേയിലയുടെ ഉല്പാദനം തീരെ കുറഞ്ഞു. തേയില ചെടികൾക്ക് പുതിയ നാമ്പ് തളിർക്കണമെങ്കിൽ രാസവളം ഇടവിട്ട് വിതറിക്കൊടുക്കണം.

അത് മണ്ണിലേക്ക് ഇറങ്ങിയിട്ടാണ് ചെടികൾക്ക് പോഷകങ്ങൾ കിട്ടുന്നത്. രാസവളത്തിനു പകരം കമ്പോസ്റ്റ് ഇട്ടാൽ അതൊന്നും ചെടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കില്ല. തേയിലകൃഷി മാത്രമല്ല എല്ലാ കൃഷിയും അവിടെ നശിച്ചു. കയറ്റുമതി ഇല്ലാതായതോടെ വിദേശനാണ്യവും കിട്ടാതായി. അതോടെ അവശ്യസാധനങ്ങൾ ഇറക്കുമതിയും അസാധ്യമായി. ഇനി ശ്രീലങ്ക എങ്ങനെ രക്ഷപ്പെടും എന്ന് കണ്ട് തന്നെ അറിയണം.
നമ്മുടെ നാട്ടിലും ആളുകൾക്ക് പ്രിയം കമ്പോസ്റ്റും ചാണകവും ഒക്കെ ആണല്ലൊ. എന്നാൽ മനസ്സിലാക്കുക ഈ കമ്പോസ്റ്റിലും ചാണകത്തിലും ഒക്കെ ഉള്ളത് 99 ശതമാനവും കാർബൺ എന്ന മൂലകമാണ്.

കാർബൺ പദാർത്ഥത്തെയാണ് നാം ഓർഗാനിക് എന്നോ ജൈവം എന്നോ പറയുന്നത്. എന്നാൽ ചെടികൾക്ക് മണ്ണിൽ നിന്ന് കാർബൺ ആവശ്യമില്ല. അഥവാ ചെടികൾ മണ്ണിൽ നിന്ന് കാർബൺ വലിച്ചെടുക്കുന്നില്ല. ചെടികൾക്ക് ആവശ്യമുള്ള കാർബൺ വലിച്ചെടുക്കുന്നത് അന്തരീക്ഷ വായുവിലുള്ള കാർബൺഡൈ‌ഓക്സൈഡിൽ നിന്നാണ്. ഇലകളാണ് അത് ചെയ്യുന്നത്. ചെടികളുടെ ഇലകൾ കാർബൺഡൈ‌ഓക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുത്ത് ഗ്ലൂക്കോസ് നിർമ്മിച്ച് ഓക്സിജൻ പുറത്തേക്ക് വിടുന്നു. പിന്നെ നിങ്ങൾ കമ്പോസ്റ്റും ചാണകവും മണ്ണിൽ ഇട്ടിട്ട് എന്ത് കാര്യം?

ചെടികൾക്ക് മണ്ണിൽ നിന്ന് നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസിയം, മെഗ്‌നീഷ്യം, കാൽസിയം തുടങ്ങി 13 രാസ മൂലകങ്ങളാണ് വേണ്ടത്. പിന്നെ വേണ്ടതായ കാർബൺ വായുവിൽ നിന്നും ഓക്സിജനും ഹൈഡ്രജനും ജലത്തിൽ നിന്നും എടുക്കുന്നു. മേൽപ്പറഞ്ഞ 13 മൂലകങ്ങളും മണ്ണിൽ ഉണ്ടാകും. എന്നാൽ തേയില പോലെ ഒരേ സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ മേൽമണ്ണിൽ മൂലകങ്ങൾ കുറഞ്ഞു പോവുകയോ തീർന്നു പോവുകയോ ചെയ്യും. അപ്പോൾ ചെടികൾ മുരടിക്കും. അതിനാണ് രാസവളങ്ങൾ ഇട്ടുകൊടുക്കേണ്ടത്. 13 മൂലകങ്ങളും രാസവളങ്ങളായുണ്ട്. NPK 19:19:19 എന്ന് പറഞ്ഞാൽ അതിൽ നൈട്രജനും ഫോസ്‌ഫറസും പൊട്ടാസിയവും 19 ശതമാനം വീതം അടങ്ങിയിട്ടുണ്ട് എന്നാണ് അർത്ഥം. മറ്റ് മൂലകങ്ങളും കിട്ടും.

രാസവളങ്ങളുടെ പ്രത്യേകത അത് മണ്ണിൽ ഇട്ടാൽ ജലത്തിന്റെ സമ്പർക്കത്താൽ
അപ്പോൾ തന്നെ അയൺ (ION) രൂപത്തിലായി ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും എന്നതാണ്. ഏത് മൂലകവും തന്മാത്രയും അയൺ രൂപത്തിൽ മാത്രമേ ചെടികൾ വലിച്ചെടുക്കൂ. അയൺ എന്താണെന്ന് അറിയാത്തവർ കമന്റിൽ ചോദിക്കുക.  കമ്പോസ്റ്റ്, ചാണകം മുതലായ ഓർഗാനിക്ക് സാധനങ്ങളിൽ 99 ശതമാനവും കാർബൺ ആണെന്ന് ഏകദേശം പറഞ്ഞതാണ്. ബാക്കി ഒന്നോ അതിലധികമോ ശതമാനം ഉള്ളതിൽ മേൽപ്പറഞ്ഞ 13 മൂലകങ്ങളിൽ ചിലത് ഉണ്ടാകാം. പക്ഷെ കമ്പോസ്റ്റ് മുതലായ ജൈവം ഇട്ടാൽ അതൊന്നും ചെടികൾക്ക് അപ്പോൾ വലിച്ചെടുക്കാൻ കഴിയില്ല.

അവയിലെ നാമമാത്രമായ മൂലകങ്ങൾ (അതും രാസം തന്നെയാണ്) അയൺ രൂപത്തിലാകണമെങ്കിൽ മാസങ്ങളാകും. ആദ്യം അവയിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് വിഘടിക്കപ്പെടണം. അത് ചിലപ്പോൾ ഇന്ന് ഇട്ടാൽ ആറ് മാസമോ ഒരു വർഷമോ കഴിയും. ഫലത്തിൽ ജൈവം ഇട്ടാലും ചെടികൾ പോഷകം കിട്ടാതെ പട്ടിണിയിലാണ്. എന്നാൽ രാസവളം ഇട്ടാൽ അതിലെ മൂലകങ്ങൾ അപ്പോൾ തന്നെ അയൺ ആയി രണ്ട് ദിവസം കൊണ്ട് ചെടി വലിച്ചെടുക്കും.

അതുകൊണ്ടാണ്, ജൈവം ഇട്ട ചെടികൾ ഗ്രഹണി പിടിച്ചത് പോലെയും രാസവളം ഇട്ട ചെടികൾ പുഷ്ടിയോടെയും കാണുന്നത്.
രാസവളങ്ങൾ സയൻസ് മനുഷ്യരാശിക്ക് നൽകിയ വരദാനമാണ്. ഈ കുറിപ്പ് ഇവിടെ നിർത്തുകയാണ്. തിന്നുന്നത് വിഷം എന്ന് കരുതുന്ന ജൈവ വിശ്വാസികളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. അവൻ ദിവസവും വിഷം തിന്ന് ഏമ്പക്കം വിടും. എന്തായാലും കേരളം ഇന്ത്യയുടെ ഭാഗം ആയത് കൊണ്ട് ശ്രീലങ്കയുടെ ഗതി വരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button