പാലക്കാട്: ഹ്യുണ്ടായ് പാകിസ്ഥാൻ എന്ന സോഷ്യൽ മീഡിയ പേജിൽ പാകിസ്ഥാന് അനുകൂലമായി ‘നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓർക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ അവർക്ക് പിന്തുണ നൽകി നിൽക്കാം’ എന്ന പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പോസ്റ്റിൽ കശ്മീരിന്റെ ചിത്രവും ഒപ്പം ഹ്യുണ്ടായ് പാകിസ്ഥാൻ, കശ്മീർ ഐക്യദാർഢ്യ ദിനം എന്നിങ്ങനെ രണ്ട് ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ ഹ്യുണ്ടായ് പാകിസ്ഥാൻ സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തു.
അതേസമയം, ‘ഇന്ത്യയ്ക്കെതിരായ ഹ്യുണ്ടായ് പാകിസ്ഥാന്റെ ട്വീറ്റ് ഹ്യുണ്ടായ് ഇന്ത്യ അംഗീകരിക്കുന്നുണ്ടോ?’ എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്ത രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ഉൾപ്പെടെയുള്ള നിരവധി ആൾക്കാരെ ഹ്യുണ്ടായ് ഇന്ത്യ ബ്ലോക്ക് ചെയ്യുകയാണ് ഉണ്ടായത്. ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.
ഹ്യുണ്ടായ് ഇന്ത്യയോട് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മപ്പെടുത്തുകയും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത നിങ്ങളുടെ സഹോദര സ്ഥാപനത്തെ വിമർശിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ശ്രീജിത്ത് പറയുന്നു. വിഷയത്തിൽ മാപ്പ് പറയാതെ, കാശ്മീർ ഇന്ത്യയുടേതാണ് എന്നു പറയാതെ ഒരു ഹ്യുണ്ടായ് വാഹനവും ഒരിക്കലും സ്വന്തമാക്കില്ല എന്ന് തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ലല്ലോ എന്നും ശ്രീജിത്ത് ചോദിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പ്രിയപ്പെട്ട ഹ്യുണ്ടായ് ഇന്ത്യ, ഫേസ്ബുക്ക് പേജിൽ നിന്നും എന്റെ കമന്റുകൾ കുത്തിയിരുന്ന് നീക്കം ചെയ്യുന്ന, ട്വിറ്ററിൽ എന്നെ ബ്ലോക്ക് ചെയ്ത ഹ്യുണ്ടായ് ഇന്ത്യയ്ക്ക് നന്ദി. ഞാൻ നിങ്ങളോട് ഇല്ലാത്തത് പറഞ്ഞിട്ടില്ല. മോശം ഭാഷ ഉപയോഗിച്ചിട്ടില്ല. എന്റെ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത നിങ്ങളുടെ സഹോദര സ്ഥാപനത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്. നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്.
കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മപ്പെടുത്തുക മാത്രമാണ് ചെയ്തത്. രാജ്യവിരുദ്ധ സമീപനം കൈക്കൊള്ളുന്നവരെ നിരോധിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തത്. അതിനാണ് ഈ നടപടി എങ്കിൽ അഭിമാനം മാത്രം.
നിങ്ങൾ മാപ്പ് പറയാതെ, കാശ്മീർ ഇന്ത്യയുടേതാണ് എന്നു പറയാതെ ഒരു ഹ്യുണ്ടായ് വാഹനവും ഒരിക്കലും സ്വന്തമാക്കില്ല എന്ന് തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ലല്ലോ.
ഇനിയും വരില്ലേ പുതിയ വാഹനങ്ങളും തെളിച്ചുകൊണ്ട്?
Proud Indian, always!
Post Your Comments