കോഴിക്കോട്: വെള്ളിമാടുക്കുന്നിലെ ബാലമന്ദിരത്തിൽ നിന്നും ഒളിച്ചോടിയ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ബുധനാഴ്ച കാണാതായ ആറ് കുട്ടികളിൽ രണ്ട് പേരെ ബംഗളുരുവിൽ നിന്നും, നാല് പേരെ മലപ്പുറം എടക്കരയിൽ നിന്നും ആണ് കണ്ടെത്തിയത്. ബാലമന്ദിരത്തിൽ നിന്നും ഒളിച്ചോടി ബംഗളുരുവിൽ എത്തിയ ആറ് പെൺകുട്ടികളിൽ നാല് പേർ ഇന്നലെ ഐലൻഡ് എക്സ്പ്രസ് വഴി പാലക്കാട് എത്തി. തുടർന്ന് മലപ്പുറം എടക്കരയിലേക്ക് ബസ്സിൽ എത്തിയ കുട്ടികളെ എടക്കര പൊലീസ് കസ്റ്റസിയിൽ എടുക്കുകയായിരുന്നു. വൈകിട്ട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി, ജുവനൈൽ ഹോമിൽ എത്തിച്ചു. ബംഗളുരുവിൽ നിന്ന് കണ്ടെത്തിയ രണ്ട് കുട്ടികളെയും ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെയും പൊലീസ് സംഘം പുലർച്ചെ രണ്ട് മണിയോടെ കോഴിക്കോട്ട് എത്തിച്ചു.
Also read: 26 പെൺകുട്ടികളെ ദത്തെടുത്ത് ഇന്ത്യൻ സൈന്യം : സ്വയം പര്യാപ്തരാക്കി മാറ്റുക ലക്ഷ്യം
കുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസ് എടുക്കും. ഇവർക്ക് എതിരെ പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസ് എടുക്കുക. യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടികൾ മൊഴി നൽകി. മലപ്പുറം എടക്കരയിലെ യുവാവാണ് കുട്ടികൾക്ക് പണം നൽകിയത്. ബാലമന്ദിരത്തിലെ അവസ്ഥ മോശം ആയതിനാലാണ് പുറത്തുകടക്കാൻ ശ്രമിച്ചതെന്നും, ഗോവയിലേക്ക് പോകാൻ ആയിരുന്നു പദ്ധതിയെന്നും കുട്ടികൾ പറഞ്ഞു. വൈദ്യ പരിശോധനയിൽ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് വെള്ളിമാടുക്കുന്നിലെ ബാലമന്ദിരത്തിൽ സുരക്ഷാ സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് സിഡബ്ള്യുസി ഒരു വർഷം മുൻപ് നിർദ്ദേശം നൽകിയിരുന്നു. പല തവണ അന്തേവാസികൾ ഒളിച്ചോടി പോയിട്ടും ബാലമന്ദിരം അധികൃതർ അലംഭാവം തുടരുകയാണെന്ന് ബാലക്ഷേമ സമിതി വിലയിരുത്തി. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ആവശ്യ സുരക്ഷ ഒരുക്കാൻ കഴിയാത്തത് എന്നാണ് ബാലമന്ദിരം അധികൃതരുടെ വാദം. ബാലമന്ദിരത്തിൽ നിന്ന് ആറ് പെൺകുട്ടികൾ പുറത്തുകടന്നതിന് പിന്നാലെയാണ് വെള്ളിമാടുക്കുന്നിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
Post Your Comments