ന്യൂഡൽഹി: പൂഞ്ചിലെ അനാഥാലയത്തിലുള്ള 26 പെൺകുട്ടികളെ ദത്തെടുത്ത് ഇന്ത്യൻ സൈന്യം. സമൂഹത്തിൽ അനാഥരായ കുട്ടികളെയും സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി, ഉൽപാദനക്ഷമതയുള്ള വിഭാഗത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ പുതിയ നീക്കം.
പൂഞ്ചിലെ മെന്ദറിലുള്ള നാരി നികേതൻ അനാഥാലയത്തിലെ അന്തേവാസികളായ പെൺകുട്ടികളെയാണ് സൈന്യം ദത്തെടുത്തത്. പെൺകുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനം കൃഷ്ണ ഘാട്ടി സെക്ടറിലെ സൈനിക ഉദ്യോഗസ്ഥരുടേതാണ്. നാരി നികേതൻ അനാഥാലയത്തിൽ ആകെ 26 പെൺകുട്ടികളും നാല് വിധവകളുമാണ് ഉണ്ടായിരുന്നത്. ഈ 26 പെൺകുട്ടികളെയും സൈന്യം ദത്തെടുത്തു.
പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദാണ് ഇക്കാര്യം പുറത്തു വിട്ടത്. ദത്തെടുത്ത കുട്ടികളുടെ വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, ആരോഗ്യം, ക്ഷേമം എന്നീ ആവശ്യങ്ങൾ സൈന്യം നിറവേറ്റുമെന്നും പെൺകുട്ടികൾ സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിക്കുന്നത് വരെ സൈന്യം അവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments