തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂരില്‍ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ റഫീക്കാ ബീവി (50) യെയും മകന് ഷെഫീക്കി(23) നെയും ചോദ്യം ചെയ്തപ്പോഴാണ് പതിനാലുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഒരു വര്‍ഷം മുന്‍പ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണ് എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഇതോടെ പതിനാലുകാരിയെ എടുത്തുവളര്‍ത്തിയ വയോധിക ദമ്പതികളുടെ നിരപരാധിത്വമാണ് തെളിഞ്ഞത്.
Read Also : ‘എന്തിനാണ് ഈ കാലന്മാരെയൊക്കെ സർക്കാർ ഇറക്കിവിടുന്നത്, സർക്കാർ എന്ത് നോക്കി ഇരിക്കുവാ’: ഷാൻ ബാബുവിന്റെ അമ്മ
കോവളം ആഴാകുളത്തെ വീട്ടില്‍ വാര്‍ധക്യത്തിന്റെ അവശതകളും അര്‍ബുദവും തളര്‍ത്തിയപ്പോഴും ഈ വൃദ്ധ ദമ്പതികള്‍ക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്ന ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഒടുവില്‍ തങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടതിന്റെ സന്തോഷത്തിലാണ് ഇരുവരും.
വളര്‍ത്തുമകള്‍ കൊല്ലപ്പെട്ടതിനു ശേഷം പൊലീസില്‍ നിന്ന് കൊടിയ പീഡനമാണ് ഏല്ക്കേണ്ടിവന്നതെന്ന് വയോധിക ദമ്പതികള്‍ പറയുന്നു. മര്‍ദ്ദനം സഹിക്കാനാകാതെ വന്നപ്പോള്‍ ഞങ്ങള്‍ തന്നെയാണ് അവളെ കൊന്നതെന്ന് പൊലീസിനോട് ഏറ്റുപറയുകയായിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പൊലീസ് തങ്ങളുടെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
2021 ജനുവരി 14 നായിരുന്നു പെണ്‍കുട്ടിയുടെ കൊല നടന്നത്. കൃത്യം ഒരു വര്‍ഷം തികയുന്ന കഴിഞ്ഞ 14നാണ് ഇരുവരും മുല്ലൂരിലെ വയോധികയെ കൊലപ്പെടുത്തുന്നതെന്നതും യാദൃശ്ചികതയായി. കുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇവരുടെ വീടിനടുത്ത് 4 വര്‍ഷം പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നു. രക്ഷിതാക്കള്‍ തൊഴിലുറപ്പ് ജോലിക്കു പോകുന്ന സമയത്തു ഷെഫീഖ് പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.
വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോള്‍ ഷെഫീഖ് പ്രകോപിതനായി. റഫീക്ക ബാലികയുടെ മുടി കുത്തിപ്പിടിച്ചു ചുമരില്‍ ഇടിച്ചെന്നും ഷെഫീഖ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചെന്നുമാണു പൊലീസ് പറയുന്നത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അന്നു വൈകിട്ടു തന്നെ കുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ബന്ധുവിന്റെ മകനുമെതിരെയായിരുന്നു കോവളം പൊലീസിന്റെ അന്വേഷണം.
Post Your Comments