സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ‘പാകിസ്ഥാൻ ഫുഡ് ഫെസ്റ്റിവല്‍’ നടത്തുമെന്ന തീരുമാനം പിൻവലിച്ച് ഹോട്ടലുടമ. സ്ഥലത്ത് ‘പാകിസ്ഥാൻ അനുകൂല ഭക്ഷ്യമേള’ നടത്തുന്നതിനെതിരെ ബജ്റംഗ് ദൾ രംഗത്ത് വന്നിരുന്നു. പ്രദേശവാസികളിൽ നിന്ന് പോലും എതിർപ്പ് ഉണ്ടായതോടെയാണ് താൻ ‘പാകിസ്ഥാൻ ഫുഡ് ഫെസ്റ്റിവല്‍’ നടത്തുന്നില്ലെന്ന് ഹോട്ടലുടമ തീരുമാനിച്ചത്. സൂറത്തിലെ ടേസ്റ്റ് ഓഫ് ഇന്ത്യയുടെ ഉടമ സന്ദീപ് ദവർ ആണ് സംഭവത്തിൽ ക്ഷമാപണം നടത്തി രംഗത്ത് വന്നത്. പാകിസ്ഥാൻ ഭക്ഷ്യമേളയ്ക്ക് പകരം സീഫുഡ് ഫെസ്റ്റിവൽ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
റിംഗ് റോഡിലെ പഴയ സബ് ജയിലിന് സമീപമുള്ള റെസ്റ്റോറന്റിൽ ആണ് പാകിസ്ഥാൻ ഫുഡ് ഫെസ്റ്റിവൽ നടത്താൻ ഉടമ തീരുമാനിച്ചത്. ഇതിന്റെ ബാനറുകൾ പ്രദേശത്ത് സ്ഥാപിച്ചിരുന്നു. കോൺഗ്രസ് കൗൺസിലർ അസ്ലം സൈക്കിൾവാല തിങ്കളാഴ്ച രാവിലെ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ക്ലിപ്പ് ഉടൻ വൈറലാകുകയും നിരവധി വിദ്വേഷ സന്ദേശങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ, ബജ്റംഗ് ദൾ പ്രവർത്തകർ എന്ന് അവകാശപ്പെട്ട് ചിലർ ഹോട്ടലിൽ എത്തുകയും ഹോട്ടലുടമയെ കാര്യം ധരിപ്പിച്ച ശേഷം ബാനറുകൾ എടുത്തുമാറ്റിയെന്നുമാണ് റിപ്പോർട്ട്.
‘സോഷ്യൽ മീഡിയ വഴിയാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞത്. സംഭവം അറിഞ്ഞതും ഞങ്ങൾ സൗത്ത് ഗുജറാത്ത് കൺവീനർ ദിനേഷ് നവദിയയുമായി സംസാരിച്ച് അദ്ദേഹത്തിൽ നിന്നും അനുവാദം വാങ്ങി ബാനറുകളിൽ ചിലത് കത്തിക്കുകയും ചിലത് എടുത്തുമാറ്റുകയും ചെയ്തു. ഹോട്ടൽ ഉടമയെ വിളിച്ച് താക്കീത് ചെയ്തു. ഇത്തരമൊരു ഫുഡ് ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചതിന് അയാൾ മാപ്പ് പറഞ്ഞു. തങ്ങളുടെ ശ്രദ്ധ ഹോട്ടലിനു ചുറ്റിനും ഇപ്പോഴും ഉണ്ടായിരിക്കുമെന്നും, പാകിസ്ഥാൻ ഫുഡ് ഫെസ്റ്റിവൽ നടത്തിയെന്ന് അറിഞ്ഞാൽ അതിന്റെ അന്തരഫലങ്ങൾക്ക് അയാൾ ഉത്തരവാദി ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകി’, സൂറത്ത് സിറ്റി ബജ്റംഗ് ദൾ നേതാവ് ദേവിപ്രസാദ് ദുബെ പറഞ്ഞു.
Post Your Comments