ഒട്ടാവ: ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കാനഡ നടപടികൾ ആരംഭിച്ചെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയെ സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കനേഡിയൻ സർക്കാരിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികയിൽ അഞ്ചാമതായാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാൻ, ഉത്തരകൊറിയ എന്നിവയാണ് കാനഡ സൈബർ ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ.
ഇന്ത്യ-കാനഡ നയതന്ത്രപ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നതിനിടെയാണ് കനേഡിയൻ സർക്കാരിന്റെ പുതിയ നീക്കം. ആദ്യമായാണ് സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ പേര് കാനഡ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള കാനഡയുടെ തന്ത്രമാണിതെന്നാണ് ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യൻ സർക്കാർ സ്പോൺസർ ചെയ്യുന്നവർ ചാരവൃത്തി ലക്ഷ്യംവെച്ച് കാനഡ സർക്കാരിനെതിരേ സൈബർ ഭീഷണി ഉയർത്തിയേക്കാമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ആഗോളതലത്തിൽ പുതിയ അധികാരകേന്ദ്രങ്ങളാകാൻ ആഗ്രഹിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങൾ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബർ പ്രോഗ്രാമുകൾ നിർമിക്കുകയാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം, കാനഡയുടെ പുതിയ നീക്കം അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള മറ്റൊരു തന്ത്രമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്‌വാൾ പ്രതികരിച്ചു. ഇന്ത്യക്കെതിരേ കൃത്രിമമായി ആഗോള അഭിപ്രായങ്ങൾ സ്വരൂപിക്കാൻ കാനഡ ശ്രമിക്കുന്നതായി അവരുടെ മുതിർന്ന വക്താക്കൾ സമ്മതിച്ചിരുന്നു. മറ്റുള്ളവയെപ്പോലെ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവർ ആവർത്തിക്കുകയാണെന്നും രൺദീപ് ജയ്സ്വാൾ പറഞ്ഞു.
കഴിഞ്ഞദിവസം അമിത് ഷാക്കെതിരേ കനേഡിയൻ മന്ത്രി ഉന്നയിച്ച ആരോപണത്തിൽ ഇന്ത്യ കാനഡയെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഖലിസ്താൻ വിഘടനവാദികളെ കാനഡയിൽവെച്ച് വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണെന്നായിരുന്നു കാനഡയുടെ ആരോപണം. തുടർന്ന് കനേഡിയൻ ഹൈക്കമ്മിഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചത്. ഇതുസംബന്ധിച്ച നയതന്ത്രക്കുറിപ്പും ഇന്ത്യ കൈമാറിയിരുന്നു.
Post Your Comments