ന്യൂഡൽഹി: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുൻ നിർത്താനൊരുങ്ങി കോൺഗ്രസ്. അശോക് ഗെലോട്ടിന്റെ സര്‍ക്കാരിലെ നിര്‍ണായക ചുമതലയുള്ള മൂന്ന് മന്ത്രിമാര്‍ രാജി വെച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം. കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുമോ എന്ന് വ്യക്തമല്ല. നേരത്തെ ഗെലോട്ട് ഡൽഹിയിലെത്തിയപ്പോള്‍ പുനസംഘടന വേഗത്തില്‍ നടക്കണമെന്നായിരുന്നു രാഹുല്‍ നിര്‍ദേശിച്ചത്. ഉപതിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് വിജയിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്ത് തുടര്‍ ഭരണം ലഭിക്കണമെങ്കില്‍ സച്ചിന്റെ കൂടെ പിന്തുണ ആവശ്യമായി വരും.
വിദ്യാഭ്യാസ മന്ത്രി ഗൊവിന്ദ് സിംഗ് ദൊത്താസര, ആരോഗ്യ മന്ത്രി രഘു ശര്‍മ, റവന്യൂ മന്ത്രി ഹരീഷ് ചൗധരി എന്നിവരാണ് രാജിവെച്ചത്. അജയ് മാക്കന്‍ രാജസ്ഥാനിലെത്തി ഇവരുടെ രാജി ഉറപ്പിക്കുകയായിരുന്നു. ദൊത്താസര നിലവില്‍ സംസ്ഥാന അധ്യക്ഷനാണ്. സച്ചിന്‍ പൈലറ്റിനെ ശക്തമായി എതിര്‍ക്കുന്നയാളാണ് ദൊത്താസര. രഘു ശര്‍മയുടെ പ്രകടനം പോരെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. കൊവിഡ് കാലത്ത് ആരോഗ്യ മന്ത്രി വേണ്ടത്ര മിടുക്ക് കാണിച്ചില്ലെന്നായിരുന്നു പരാതി.
മന്ത്രിമാരുടെ പ്രകടനങ്ങളുടെ വിലയിരുത്തലും നേരത്തെ ഹൈക്കമാന്‍ഡ് നടത്തിയിരുന്നു. വേണ്ടത്ര മികവ് ആര്‍ക്കുമില്ല എന്നതാണ് വാസ്തവം. എന്നിരുന്നാലും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നുണ്ട്. നവംബര്‍ 22ന് മന്ത്രിസഭാ പുനസംഘടന നടക്കും. ഹൈക്കമാന്‍ഡ് ഇതിനുള്ള അനുമതി നല്‍കി കഴിഞ്ഞു. മൂന്ന് മന്ത്രിമാരും രാജിവെക്കുന്ന കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഇവര്‍ സംഘടനാ കാര്യങ്ങളില്‍ ഇനി സജീവമാകും.
Read Also: അത്യാധുനിക സൗകര്യങ്ങൾ: അജ്മാനിൽ ഡ്രൈവറില്ല സ്വയം നിയന്ത്രിത ബസ് സർവ്വീസ് ആരംഭിച്ചു
അതേസമയം ഇവരുടെ രാജിക്ക് ഔദ്യോഗിക അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും രാജിക്കത്ത് നല്‍കേണ്ടതുണ്ട്. ഗെലോട്ടും സച്ചിനും ഡൽഹിയിലെ സുപ്രധാന നേതാക്കളെയെല്ലാം കാണുന്നുണ്ട്. നേരത്തെ ഗെലോട്ട് രാഹുലിന്റെ വസതിയില്‍ വെച്ച് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന കാര്യങ്ങളാണ് ഈ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തത്. ഇതാണ് പലരും രാജിവെക്കാന്‍ കാരണം. സച്ചിന്‍ പൈലറ്റും പ്രിയങ്കയെയും രാഹുലിനെയും കണ്ടിരുന്നു. സച്ചിന്റെ വിശ്വസ്തരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments