കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്നുപേരുടെ മരണത്തിനിടയായ അപകടത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ട് പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഒരു ഹാര്‍ഡ് ഡിസ്ക് പൊലീസിന് റോയി കൈമാറി. എന്നാല്‍ ഇത് മാത്രമല്ല ഹോട്ടലിലെ സംഭവദിവസത്തേതുള്പ്പടെ ദൃശ്യങ്ങള്‍ സൂക്ഷിച്ച മറ്റൊരു ഹാര്‍ഡ് ഡിസ്ക് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് ഹാജരാക്കണമെന്ന് റോയിയോട് പൊലീസ് ആവശ്യപ്പെട്ടു. ഉടന്‍ ഹാജരാക്കാമെന്ന് റോയി അറിയിച്ചിട്ടുണ്ട്. കേസില്‍ ഡിജിപി ഇടപെട്ടതിന് ശേഷമാണ് റോയിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയത്. ഹോട്ടല്‍ ഉടമയ്ക്ക് പൊലീസ്, രാഷ്ട്രീയ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് അറിയുന്നത്.
Read Also : സഞ്ജിത്തിന്റെ കൊലപാതകം:സംസ്ഥാനത്തെ സാഹചര്യം ബോധിപ്പിക്കാന്‍ അമിത് ഷായെ കാണുമെന്നും കെ.സുരേന്ദ്രന്
റോയിയുടെ നിര്‍ദ്ദേശപ്രകാരം മോഡലുകളുടെ കാര്‍ പിന്തുടര്‍ന്ന കെ.എല്‍ 40 ജെ 3333 എന്ന ഔഡി കാര്‍ ഓടിച്ചിരുന്ന സൈജുവിനെ ഇന്നലെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഹോട്ടലിലെ ജീവനക്കാരെയും റോയിയെയും സൈജു അന്ന് അപകടശേഷം വിളിച്ചിരുന്നു. റോയി വയലാട്ടിന്റെ സുഹൃത്താണ് സൈജു.
ആന്‍സി കബീറും മറ്റുളളവരും നന്നായി മദ്യപിച്ചിരുന്നതായും ഇവര്‍ മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറയാനാണ് കാറില്‍ പിറകെ പോയതെന്നാണ് സൈജു പൊലീസിന് നല്കിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്നതായും ഇവിടെ നിന്ന് വഴക്കുണ്ടായ ശേഷമാണ് ആന്‍സി കബീറും സംഘവും കാറില്‍ പുറപ്പെട്ടതെന്നും സൂചനകള്‍ ലഭിച്ചിരുന്നു. കാര്‍ അപകടത്തില്‍ പെട്ടശേഷം സൈജുവും ഇവരുടെ സുഹൃത്തുക്കളും അപകടം നടന്ന കാര്‍ നിരീക്ഷിച്ചശേഷം ഉടന്‍ തന്നെ മടങ്ങിയിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചു.
Post Your Comments