KeralaLatest NewsIndia

മോഡലുകളെ വകവരുത്തിയത് തന്നെ? ദുരൂഹതയോടെ കൂടുതൽ വിവരങ്ങൾ പുറത്ത് : ഹോട്ടൽ ഉടമ ഒളിവിൽ

കാര്‍ അപകടത്തില്‍ പെട്ടതിനു തൊട്ടുപിന്നാലെ എത്തിയ കാറില്‍നിന്ന് ഒരാള്‍ ഇറങ്ങി നോക്കുന്നതും ഉടന്‍ സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്.

കൊച്ചി:  മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്നുപേർ കാർ അപകടത്തിൽ മരിച്ച സംഭവത്തിൽ മത്സരയോട്ടം നടന്നതായി പൊലീസ്. ഇവരെ പിന്തുടർന്നെത്തിയ ആഡംബര കാർ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജുവിനെ ചോദ്യം ചെയ്തു വിട്ടയച്ച ശേഷമാണ് പൊലീസിന്റെ പ്രതികരണം. ഐപിസി 279 പ്രകാരം അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് സൈജുവിനെതിരെ കേസെടുക്കും. അപകടത്തിൽപെട്ട കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ അടുത്ത ദിവസം കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാകുക.

സൈജു ഹോട്ടലുമായി ബന്ധമുള്ള ആളാണ്. എന്നാൽ വാഹനം ഹോട്ടൽ ഉടമയുടേതല്ലെന്നാണു വിവരം. വേറൊരാളുടെ വാഹനമാണ് ഉപയോഗിക്കുന്നതെന്നാണ് സൈജു പൊലീസിനോടു പറഞ്ഞത്.നിലവിൽ ഹോട്ടൽ ഉടമ എവിടെയാണെന്നതിനെക്കുറിച്ചു വിവരമില്ലെന്നു പൊലീസ് പറഞ്ഞു.സംഭവത്തില്‍ കൊലപാതക സംശയം കൂടുന്നു. ഇവര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് അപകടസ്ഥലം വരെയുള്ള സഞ്ചാര പാതയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതു വിശദമായി പരിശോധിച്ചപ്പോഴാണ് ദുരൂഹത കൂടുന്നത്.

മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ് അഞ്ജന ഷാജന്‍, സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവരുമായി അബ്ദുല്‍ റഹ്മാന്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടതിനു തൊട്ടുപിന്നാലെ എത്തിയ കാറില്‍നിന്ന് ഒരാള്‍ ഇറങ്ങി നോക്കുന്നതും ഉടന്‍ സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിന്റെ ഉടമയാണ് ഇതെന്നു പൊലീസിനു സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുണ്ടന്നൂര്‍ മുതല്‍ ഈ കാറുകള്‍ മത്സരയോട്ടം നടത്തിയതായാണു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

ഇവരുടെ കാറിനെ പിന്‍തുടര്‍ന്നതായി കണ്ടെത്തിയ ഔഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, മദ്യലഹരിയില്‍ വാഹനം ഓടിക്കരുതെന്നു പറയാനാണു വാഹനത്തെ പിന്തുടര്‍ന്നതെന്നായിരുന്നു ഇയാളുടെ മൊഴി. ഈ കാറിലുള്ളവര്‍ മദ്യപിച്ചിരുന്നു എന്ന് എങ്ങനെ സൈജു അറിഞ്ഞുവെന്നതാണ് നിര്‍ണ്ണായകം. കുണ്ടന്നൂരില്‍ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറും ഇവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു എന്നും സൂചനയുണ്ട്. പാര്‍ട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ സംബന്ധിച്ച ദുരൂഹത നീക്കാനാണ് ഹോട്ടല്‍ ഉടമയെ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചത്.

രാത്രി ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടിക്കിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായും ഇതാണു ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ കാരണമെന്നും കരുതുന്നു. ഇതുകൊണ്ടു തന്നെയാകാം ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ജീവനക്കാരോട് ഉടമ ആവശ്യപ്പെട്ടതെന്നും സംശയമുണ്ട്. പാര്‍ട്ടി നടന്ന ഹാളിലെയും ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആറാണു നശിപ്പിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button