ന്യൂഡൽഹി: കോണ്‍ഗ്രസില്‍ ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി. ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് സോണിയ ഐക്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടിയുടെ താല്പര്യങ്ങള്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. എല്ലാത്തിനുമുപരി, സ്വയം ആത്മനിയന്ത്രണവും അച്ചടക്കവും ആവശ്യമാണെന്നും ജി 23 നേതാക്കളോടുള്ള പരോക്ഷ വിമര്‍ശനത്തിന്റെ ഭാഗമായി സോണിയ ഗാന്ധി പറഞ്ഞു. പഞ്ചാബിലും ഛത്തീസ്ഗഡിലും മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള വിയോജിപ്പും തുടര്‍ന്നുള്ള വിഭാഗീയതയും ഏതാനും മാസങ്ങളായി കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
കോണ്‍ഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ഉടന്‍ തന്നെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തും. ഒരു മുഴുവന്‍ സമയ പാര്‍ട്ടി അധ്യക്ഷ എന്ന നിലയിലുള്ള തന്റെ പങ്കും സോണിയ ഗാന്ധി വിശദീകരിച്ചു.
‘നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. നമ്മള് നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ, ഐക്യത്തോടെയും അച്ചടക്കത്തോടെയും, പാര്‍ട്ടിയുടെ താല്പര്യങ്ങളില് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചാല്‍, വിജയിക്കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’-സോണിയ ഗാന്ധി പറഞ്ഞു
Post Your Comments