
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശികളുടെ കുടുംബത്തിന് പത്ത് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് മമത ബാനർജി. ഇതിന് പുറമെ ഉദ്ദംപൂറിൽ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനികൻ്റെ കുടുംബത്തിനും പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
പഹൽഗാമിൽ കൊല്ലപ്പെട്ട ബിടൻ അധികാരിയുടെ ഭാര്യക്ക് 5 ലക്ഷവും മാതാപിതാക്കൾക്ക് 5 ലക്ഷവും സഹായധനം ലഭിക്കും. മാതാപിതാക്കൾക്ക് പ്രതിമാസം 10000 രൂപ സഹായധനവും ലഭിക്കും. സ്വസ്ഥ്യ സാഥി ഹെൽത്ത് കാർഡും കുടുംബത്തിന് നൽകി. ബെഹല, പുരുലിയ സ്വദേശികളായ മറ്റ് രണ്ട് പേരുടെ കുടുംബങ്ങൾക്കും പത്ത് ലക്ഷം വീതം സഹായധനം ലഭിക്കും.
ഉദ്ദംപൂറിൽ വീരചരമം പ്രാപിച്ച സൈനികൻ ഹവീൽദാർ ഝണ്ടു അലി ഷെയ്ഖ് പശ്ചിമ ബംഗാളിലെ നാദിയ ജില്ലക്കാരനായിരുന്നു. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായവും ഭാര്യക്ക് സർക്കാർ ജോലിയും സർക്കാർ പ്രഖ്യാപിച്ചു. ഭീകരരുടെ വെടിയേറ്റ് മരിച്ച നാല് പേരുടെയും കുടുംബങ്ങളിൽ ആർക്കെന്ത് പ്രശ്നം ഉണ്ടായാലും സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി മമത വ്യക്തമാക്കി. സഹായധനം നൽകാൻ മുഖ്യമന്ത്രി നേരിട്ട് ഈ കുടുംബങ്ങളെ സന്ദർശിക്കുമെന്നാണ് വിവരം.
Post Your Comments