
തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോൺഗ്രസ് നാളെ രാജ്യ വ്യാപക പ്രതിഷേധത്തിലേക്ക്. എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് ഓഫീസ് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാരിൻ്റെ മറ്റു പ്രധാന ഓഫീസുകൾക്ക് മുൻപില്‍ പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.
നാഷ്ണൽ ഹെറാൾഡിൻ്റെ സ്വത്തുക്കൾ അന്യായമായി കണ്ടുകെട്ടിയതാണെന്ന് കോൺഗ്രസ് വിമർശനം ഉയർത്തി. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പോലെയുള്ള കോൺഗ്രസിൻ്റെ പ്രധാന നേതാക്കളെ രാഷ്ട്രീയ പ്രേരിതമായി കുറ്റപത്രത്തിൽ ചേർത്തത് മോദി സർക്കാരിൻ്റെ ക്രൂര നടപടിയാണെന്ന് ആരോപിച്ചുകൊണ്ടാണ് കോൺഗ്രസിൻ്റെ പ്രതിഷേധം.
അതേ സമയം, കേരളത്തില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 16ന് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. ബിജെപിക്കെതിരായ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ
ഭാഗമാണ് ഈ പകപോക്കല്‍ രാഷ്ട്രീയം. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണ്.കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയവേട്ടയുടെ തുടര്‍ച്ചയാണ് ഇഡി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നു കുറ്റപത്രം. ഇതിനെ കോണ്‍ഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം ലിജു പറഞ്ഞു.
ഡല്‍ഹി റോസ്അവന്യൂ കോടതിയിലാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ, സുമന്‍ ദുബെ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയയെ ഒന്നാം പ്രതിയാക്കിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments