
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതിന് പിന്നാലെ ഗാസയിലെ വിവിധ മേഖലകളില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇസ്രയേല്‍ ഗാസയില്‍ ഇന്ന് നടത്തിയത്. ആക്രമണത്തില്‍ 300 പേര് കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം : പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി
കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. വടക്കന്‍ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കന്‍ ഗാസ മുനമ്പിലെ ദെയ്ര് അല്‍-ബലാഹ്, ഖാന് യൂനിസ്, റാഫ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന എക്സിലൂടെ അറിയിച്ചു. പ്രദേശത്തെ സ്കൂളുകള്‍ അടിയന്തരമായി അടച്ചിടണമെന്ന് ഇസ്രയേല്‍ സൈന്യം നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
ബന്ദികളെ വിട്ടയ്ക്കാന്‍ ഹമാസ് തയ്യാറാകാത്തതിനാലാണ് വ്യോമാക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും ബന്ദികളുടെ ജീവന് പോലും ത്യജിക്കാനാണ് അദ്ദേഹം പ്രകോപനമുണ്ടാക്കുന്നതെന്നും ഹമാസ് ആരോപിച്ചു.
Post Your Comments