KeralaLatest NewsNews

കേരളത്തിൽ ലഹരിമാഫിയ തഴച്ചുവളരുന്നതിൽ ആശങ്ക : ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ലഹരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി രൂപീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടം കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. ഈ മാസം 24 നു നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും പോലീസ്-എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങുന്ന നടപടികളും യോഗത്തില്‍ തീരുമാനിക്കും.

ലഹരി വ്യാപനത്തില്‍ ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പോലീസ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കാനൊരുങ്ങുന്നത്.

എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തില്‍ സംയുക്ത ഓപ്പറേഷന് പോലീസും എക്‌സൈസും തീരുമാനമെടുത്തിട്ടുണ്ട്. ഇരു വകുപ്പുകളും ചേര്‍ന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റ ബെയ്‌സ് തയ്യാറാക്കും. അന്തര്‍ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.

എക്‌സൈസ് വകുപ്പിന് ആവശ്യമായ സൈബര്‍ സഹായം പോലീസ് നല്‍കും. ശിക്ഷാ കാലാവധി തീര്‍ന്ന ലഹരി കേസ് പ്രതികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വില്‍പ്പന ഏകോപിപ്പിക്കുന്നതായി വിവരമുള്ളതിനാല്‍ ഇത്തരക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കും.

ജില്ലാ പോലീസ് മേധാവിമാരും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരും കൃത്യമായ ഇടവേളയില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താനും ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കാനും ധാരണയാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button