15കാരിയെ കാണാതായിട്ട് 26 ദിവസം; നൂറിലേറെ പേരെ ചോദ്യം ചെയ്തിട്ടും സൂചനകളില്ല

കാസര്‍ഗോഡ് : പൈവളിക മണ്ടേക്കാപ്പ് ശിവനഗരത്ത് കാണാതായ 15 വയസുകാരി ശ്രേയക്കായി വീണ്ടും തിരച്ചില്‍. മണ്ടേക്കാപ്പ് മേഖലയിലാണ് പൊലീസും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുന്നത്. ഫെബ്രുവരി 12ന് പുലര്‍ച്ചെയാണ് ശ്രേയ എന്ന 15 വയസുകാരിയെ വീട്ടില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അന്നേദിവസം തന്നെ പ്രദേശവാസിയായ പ്രദീപ് എന്നയാളെയും കാണാതായി. ഇയാളെയും കണ്ടെത്താനായിട്ടില്ല. 42കാരനായ പ്രദീപ് ശ്രേയയെ കടത്തിക്കൊണ്ടുപോയെന്നാണ് പോലീസിന്റെ സംശയം. ഇരുവരുടെയും മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ വീടിന് സമീപത്തെ കാട്ടിലാണ്. പ്രദേശത്ത് ഡോഗ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തിയിരുന്നു. ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും നൂറിലേറെപ്പേരെ ചോദ്യം ചെയ്തിട്ടും സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Read Also: ലഹരി മാഫിയക്കെതിരെ കൊച്ചിയില്‍ മിന്നൽ പരിശോധന : പിടിയിലായത് 300ഓളം പേര്‍ 

അന്വേഷണം എങ്ങുമെത്താത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അന്വേഷണ സംഘത്തെ മാറ്റണമെന്നും കുട്ടിയുടെ കുടുംബവും പറഞ്ഞു. ഇതിന് പിന്നാലെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.

 

Share
Leave a Comment