കാസര്‍കോട് : കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന എയിംസ് കാസര്‍കോട് വേണമെന്ന് ആവശ്യപ്പെട്ടതായി രാജ്‌മോഹന്‍ എംപി. എന്നാല്‍ ഒരു കാരണവശാലും കാസര്‍കോട് അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് എംപി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇക്കാര്യം തുറന്ന് എഴുതിയിരിക്കുന്നത്.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത എംപി മാരുടെ യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന എയിംസ് കാസര്‍കോട് ജില്ലയ്ക്ക് അനുവദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
‘പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എംപി മാരുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍കോഡ് ജില്ലയ്ക്ക് നല്‍കാനാവശ്യമായ പ്രൊപ്പോസല്‍ നല്‍കണമെന്ന് കാസര്‍കോഡ് എംപി എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു കാരണവശാലും കാസര്‍കോട് ജില്ലക്ക് എയിംസ് അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇത് ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെക്കുകയുണ്ടായി . പ്രസ്തുത വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ആണോ കാസര്‍കോട് ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടത് എംഎല്‍എമാരുടെയും എന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്’ .
‘കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുന്‍ എംപി യും, ജില്ലയിലെ അഞ്ച് എംഎല്‍എമാരും കാസര്‍കോട് എയിംസ് കൊണ്ടുവരണമെന്ന് നിലപാട് ഉള്ളവരായിരുന്നു, അതില്‍നിന്ന് ഭരണപക്ഷ എംഎല്‍എമാര്‍ പിന്നോട്ടു പോയിട്ടുണ്ടോ എന്ന് കാസര്‍കോട്ടുകാര്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. കാസര്‍കോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കാന്‍ ആവശ്യമായ ശക്തമായ ഇടപെടല്‍ തുടരുക തന്നെ ചെയ്യും. ആരോഗ്യരംഗത്ത് മുഖ്യമന്ത്രിയുടെ കാസര്‍കോഡ് ജില്ലയോടുള്ള സമീപനം നിരാശാജനകം ആണ്, പ്രതിഷേധാര്‍ഹമാണ്’ .
Post Your Comments