കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസ് കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കോടതി നടപടികള്‍ ആരംഭിക്കുന്നത്.
131 സാക്ഷികള്‍ ഉള്ള കേസിലെ ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് ഇന്ന് ആരംഭിക്കുന്നത്. തന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് നല്‍കിയ ഹർജിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു.
മാനസിക നിലയില്‍ തകരാറില്ല എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ഇതിന് പിന്നാലെയാണ് കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലിരിക്കെ 2023 മെയ് 10നാണ് ഡോ. വന്ദനദാസ് കൊല്ലപ്പെടുന്നത്.
വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ പ്രതി സന്ദീപ് ദാസ് വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കാലില്‍ മുറിവേറ്റ നിലയില്‍ മദ്യലഹരിയില്‍ കണ്ടെത്തിയ സന്ദീപിനെ വൈദ്യപരിശോധനക്കായാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്.
Post Your Comments