![](/wp-content/uploads/2025/02/suj-2-3.webp)
മൂവാറ്റുപുഴ: കേരളത്തിലെ ഇടത് – വലത് നേതാക്കൾക്ക് താൻ ലക്ഷക്കണക്കിന് രൂപ നൽകിയിട്ടുണ്ടെന്ന് പാതിവിലത്തട്ടിപ്പ് കേസിൽ പിടിയിലായ അനന്തുകൃഷ്ണൻ. സഹകരണസംഘം അക്കൗണ്ടുകളിലൂടെയാണ് രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതെന്നും ഇയാൾ മൂവാറ്റുപുഴ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ടായാണ് പണം നൽകിയതെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിന് 90 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയതെന്നും ഇയാൾ മൊഴിനൽകി.
രാഷ്ട്രീയ നേതാക്കൾക്ക് സഹകരണസംഘം അക്കൗണ്ടുകളിലൂടെ പണം നൽകിയെന്നാണ് അനന്തുകൃഷ്ണന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ഇടത്-വലത് പാർട്ടികളുടെ സ്ഥാനാർഥികൾക്കും നേതാക്കൾക്കുമായി 90 ലക്ഷം രൂപ നൽകി. പണമായും അല്ലാതെയും നൽകിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടവരുടെ ജീവനക്കാരുടെ അക്കൗണ്ടുകൾ വഴിയും പണം കൊടുത്തു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സംഭാവനയായാണ് പണം നൽകിയത്. എൻ.ജി.ഒ. കോൺഫെഡറേഷനുമായി ബന്ധപ്പെട്ടും പണം നൽകിയിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനായി ഇയാളുടെ ഫോണിലെ വോയ്സ് ചാറ്റുകളും വാട്സാപ്പ് സന്ദേശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
കിട്ടിയ പണം ഉപയോഗിച്ച് പലയിടങ്ങളിൽ ഭൂമി വാങ്ങിയെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഇടുക്കി, കോട്ടയം ജില്ലകളിലായി അഞ്ചിടത്ത് അനന്തുകൃഷ്ണൻ സ്ഥലങ്ങൾ വാങ്ങിയതിന്റെ വിശദാംശങ്ങളും ലഭിച്ചു. മുട്ടത്ത് 85 ലക്ഷം നൽകി 50 സെന്റും കുടയത്തൂരിൽ 40 ലക്ഷം നൽകി രണ്ട് പ്ലോട്ടുകളും ഈരാറ്റുപേട്ടയിൽ 23 സെന്റും വാങ്ങി. ചില സ്ഥലങ്ങൾക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കുടയത്തൂരിൽ അമ്പലത്തിനുസമീപം 50 സെന്റിന് അഡ്വാൻസ് നൽകിയിട്ടുണ്ടെന്നാണ് വിവരം. മൂന്ന് വാഹനങ്ങൾ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പൊലീസ് പിടിച്ചെടുത്തിരുന്നു.
നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത പണം വന്നിരുന്ന അനന്തുകൃഷ്ണന്റെ പ്രൊഫഷണൽ സർവീസ് ഇനവേഷൻ എന്ന സ്ഥാപനത്തിനുവേണ്ടി എൻ.ജി.ഒ. കോൺഫെഡറേഷനിൽ ചില ബൈലോ ഭേദഗതികൾ വരുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സായിഗ്രാമം ഡയറക്ടർ കെ എൻ ആനന്ദ് കുമാറിന് രണ്ടു കോടി രൂപ നൽകിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം, പാതിവില തട്ടിപ്പിന്റെ മാസ്റ്റർ ബ്രയിനെ തേടുകയാണ് പൊലീസ്. അനന്തു കൃഷ്ണന് പിന്നിൽ മറ്റാരോ കൂടിയുണ്ടെന്നാണ് സംശയം. അനന്തുവിന്റെ സാമ്പത്തിക സ്രോതസ്സുകൾ തേടിയുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി. ആദ്യം കേന്ദ്രസർക്കാർ സബ്‌സിഡി പദ്ധതികൾ വഴി തട്ടിപ്പ് നടത്താനായിരുന്നു അനന്തു കൃഷ്ണൻ ഉദ്ദേശിച്ചിച്ചത്. നടക്കാതെ വന്നതോടെ പ്ലാൻ ബി യുമായി രംഗത്തെത്തി. അതാണ് സിഎസ്ആർ തട്ടിപ്പ്. സിഎസ്ആർ തുക ആവശ്യപ്പെട്ട് 200 കമ്പനികൾക്ക് കത്തയച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് എൻജിഒകളെ കരുവാക്കി ആളുകളിൽനിന്ന് നേരിട്ട് പണം തട്ടിയെടുത്തത്. എറണാകുളം റൂറൽ മേഖലയിൽ മാത്രം 800 പരാതികളിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തു.
അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളിൽ സിഎസ്ആർ തുക എത്തിയിട്ടില്ല എന്നാണ് പൊലീസ് നിഗമനം. കമ്പനികളുമായി ബന്ധപ്പെടാൻ വേണ്ടിയാണ് അനന്ത കുമാറിനെ സമീപിച്ചതെന്നും അനന്തു കൃഷ്ണൻ പൊലീസിനോട് പറഞ്ഞു. തട്ടിപ്പിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
Post Your Comments