KeralaLatest NewsNews

പതിനൊന്ന് അക്കൗണ്ടുകള്‍ വഴി 548 കോടി രൂപ : 21 അക്കൗണ്ടുകളുള്ള അനന്തു കൃഷ്ണൻ ആള് ചില്ലറക്കാരനല്ല 

തട്ടിപ്പിന്റെ ഭാഗമായി 20,163 പേരില്‍ നിന്ന് 60,000 രൂപ വീതവും, 40,035 പേരില്‍ നിന്ന് 56,000 രൂപ വീതവും കൈപ്പറ്റിയിട്ടുണ്ട്

കൊച്ചി: പാതിവില തട്ടിപ്പിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിന്റെ ഭാഗമായി 20,163 പേരില്‍ നിന്ന് 60,000 രൂപ വീതവും, 40,035 പേരില്‍ നിന്ന് 56,000 രൂപ വീതവും കൈപ്പറ്റിയിട്ടുണ്ട്.

വിവിധ അക്കൗണ്ടുകള്‍ വഴി ഈ ഇനത്തില്‍ മാത്രം 143.5 കോടി രൂപ എത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അനന്തു കൃഷ്ണനെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയപ്പോൾ അന്വേഷണ സംഘം നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചത്.

അനന്തു കൃഷ്ണനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ പ്രതിയെ വിട്ടു. അനന്തു കൃഷ്ണന്റെ കടവന്ത്രയിലെ സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിലെ 11 അക്കൗണ്ടുകള്‍ വഴി മാത്രം 548 കോടി രൂപ വിവിധ ഇടങ്ങളില്‍ നിന്നെത്തിയിട്ടുണ്ട്.

ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. പാതി വില തട്ടിപ്പില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, ഏതെങ്കിലും വഴികളിലൂടെ മറ്റ് ഫണ്ടുകള്‍ വന്നിട്ടുണ്ടോ, ലഭിച്ച ഫണ്ട് ഏതൊക്കെ മാര്‍ഗങ്ങളിലൂടെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന് പ്രതിയെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും വേണമെന്ന് അന്വേഷണ സംഘം കോടതി അറിയിച്ചു.

എന്നാല്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ അനന്തു കൃഷ്ണന്റെ അഭിഭാഷകന്‍ എതിര്‍ത്തു. നേരത്തെ മൂവാറ്റുപുഴ പൊലീസ് അഞ്ചു ദിവസം കസ്റ്റഡിയില്‍ വെച്ച് അന്വേഷിച്ചതാണെന്നും, അതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും അനന്തു കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രതിയെ കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button