KeralaLatest News

മൂലമറ്റത്ത് തേക്കിന്‍ തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു : കൊലപാതകമാണെന്ന് സൂചന

മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലുള്ളതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന നടത്തും

തൊടുപുഴ : ഇടുക്കി മൂലമറ്റത്ത് തേക്കിന്‍ തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം ഇടുക്കി മേലുകാവ് സ്വദേശി സാജന്‍ സാമുവലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മരണം കൊലപാതകമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും ഇതില്‍ ആറു പേര്‍ പിടിയിലായതായും വിവരമുണ്ട്.

ഇന്നലെയാണ് മൂലമറ്റം തേക്കുംകൂപ്പ് മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ 30 നാണ് സാജന്‍ സാമുവലിനെ കാണാതാകുന്നത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലുള്ളതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന നടത്തും.

ഉറങ്ങിക്കിടന്ന സാജനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. 30 ഓളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് സൂചിപ്പിച്ചു.ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലെത്തിച്ചത്. പന്നിയിറച്ചി ഉപേക്ഷിക്കാനാണെന്ന് പറഞ്ഞാണ് ഓട്ടോയില്‍ പൊതിഞ്ഞുകെട്ടിയ മൃതദേഹം കയറ്റുന്നത്.

ആദ്യം വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍, പ്രതികള്‍ ഏറെ നിര്‍ബന്ധിച്ചതോടെയാണ് കയറ്റാന്‍ അനുവദിച്ചത്. പിന്നീട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പോലീസ് എസ്ഐയെ വിവരം അറിയിച്ചിരുന്നു. എസ്ഐ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.ഇന്നലെ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീര്‍ണാവസ്ഥയിലായ മൃതദേഹം കണ്ടെത്തുന്നത്. ക്രമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button