കൊച്ചി : ലൈംഗികാധിക്ഷേപക്കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടിലാണ് ബോബി ചെമ്മണ്ണൂരിനെ ഹാജരാക്കിയത്. ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ബോബി ചെമ്മണ്ണൂരിന് വേണ്ടി അഡ്വ. ബി രാമന്‍പിള്ളയാണ് ഹാജരായത്.
അതേസമയം ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ തീരുമാനം. നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ ഇന്നലെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ് ഇന്നലെ പോലീസിന് ലഭിച്ചതായി കൊച്ചി ഡിസിപി ജിജി അശ്വതി പറഞ്ഞു. അത് പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കുമെന്നും ഡിസിപി വ്യക്തമാക്കി.
ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി കെ ജയകുമാര്‍ പറഞ്ഞു. ബോബിയ്ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴി കൂടി പരിഗണിച്ചാകും നടപടികള്‍. റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന് എസിപി പറഞ്ഞിരുന്നു.
Post Your Comments